ന്യൂഡൽഹി: കേസ് രജിസ്റ്റർചെയ്യാനും അന്വേഷിക്കാനും സി.ബി.ഐ.യ്ക്കുള്ള പൊതുസമ്മതവ്യവസ്ഥ റദ്ദാക്കാനുള്ള സംസ്ഥാനസർക്കാർ നീക്കത്തിന് സി.പി.എം. പൊളിറ്റ്ബ്യൂറോയുടെ പിന്തുണ. സി.ബി.ഐ.പോലുള്ള അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്ന നിലപാടിലാണ് സി.പി.എം. കേന്ദ്രനേതൃത്വം. പൊതുസമ്മതവ്യവസ്ഥ റദ്ദാക്കുന്നതോടെ ഓരോ കേസും ഏറ്റെടുക്കാൻ സി.ബി.ഐ.യ്ക്ക് ഇനി സംസ്ഥാനതലത്തിലുള്ള അനുമതിയും വേണ്ടിവരും.

ഇതൊരു നയപരമായ വിഷയമായതിനാൽ സി.പി.എം. കേരളഘടകം പി.ബി.യിൽ ധരിപ്പിക്കുകയായിരുന്നു. സംസ്ഥാനഘടകവും ഇക്കാര്യത്തിൽ ചർച്ച നടത്തി. ലൈഫ്മിഷൻ വിവാദത്തിൽ സി.ബി.ഐ. കേസെടുക്കാൻ തീരുമാനിച്ചതിനെച്ചൊല്ലി ഒട്ടേറെ ചോദ്യങ്ങളുയർന്നു. ഈ പശ്ചാത്തലത്തിലാണ് പൊതുസമ്മതവ്യവസ്ഥ റദ്ദാക്കാൻ സംസ്ഥാന സർക്കാർ ആലോചന തുടങ്ങിയത്. ഇക്കാര്യത്തിൽ നിയമപരമായ ചർച്ചയും പരിശോധനയും നടന്നുവരുകയാണ്. ഞായറാഴ്ച ചേർന്ന പി.ബി. യോഗമാണ് കേരളസർക്കാർ നീക്കത്തെ പിന്തുണയ്ക്കാൻ തീരുമാനിച്ചത്.

രാഷ്ട്രീയവിരോധം തീർക്കാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നതായി സി.പി.എം. ഉൾപ്പെടെയുള്ള പ്രതിപക്ഷപാർട്ടികൾ കേന്ദ്രസർക്കാരിനെതിരേ നിരന്തരം വിമർശനം ഉന്നയിക്കുന്നുണ്ട്. കേരളത്തിലെ സമീപകാല ഇടപെടലുകൾ ഇതിന്റെ ഭാഗമാണെന്നാണ് സി.പി.എം. വിലയിരുത്തൽ. രാഷ്ട്രീയമായ പ്രതിരോധം എന്ന നിലയ്ക്കുകൂടിയാണ് കേരളസർക്കാരിന്റെ നിലപാടിനെ പിന്തുണയ്ക്കാൻ പി.ബി. തീരുമാനിച്ചതെന്ന് സി.പി.എം. വൃത്തങ്ങൾ പറയുന്നു.

Content Highlights: CBI CPM PB