ന്യൂഡൽഹി: കള്ളപ്പണംവെളുപ്പിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന റോബർട്ട് വദ്രയ്ക്കു ചികിത്സാർഥം ആറാഴ്ച വിദേശത്തുപോകാൻ പ്രത്യേക സി.ബി.ഐ. കോടതി അനുമതി നൽകി. ചികിത്സയ്ക്കായി യു.എസിലും നെതർലൻഡ്സിലും പോകാൻ അനുവദിക്കണമെന്ന ഹർജിയിലാണ് പ്രത്യേക സി.ബി.ഐ. ജഡ്‌ജി അർവിന്ദ് കുമാറിന്റെ ഉത്തരവ്. വദ്രയ്ക്കെതിരേയുള്ള തിരച്ചിൽനോട്ടീസ് ആറാഴ്ചത്തേക്കു കോടതി മരവിപ്പിച്ചു. ലണ്ടൻ യാത്രകൂടി അനുവദിക്കണമെന്നാവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ഇതനുവദിച്ചില്ല. ഇതേത്തുടർന്ന് ഈയാവശ്യം വദ്രയുടെ അഭിഭാഷകൻ കെ.ടി.എസ്. തുളസി പിൻവലിച്ചു. ലണ്ടനിൽ വസ്തുവകകൾ വാങ്ങിയതുമായി ബന്ധപ്പെട്ട കേസാണ് അദ്ദേഹം നേരിടുന്നത്. ഉപാധികളോടെയാണ് വദ്രയ്ക്ക് അനുമതി നൽയിരിക്കുന്നത്. യാത്രയ്ക്കുമുമ്പ് 25 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപമുണ്ടെന്ന രേഖയോ, അത്രയും തുകയുടെ ബാങ്ക് ഗ്യാരന്റിയോ നൽകണം. യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങൾ കോടതിക്കു നല്കണം. തെളിവുനശിപ്പിക്കാനോ, സാക്ഷികളെ സ്വാധീനിക്കാനോ പാടില്ല. ഇന്ത്യയിൽ തിരിച്ചെത്തി 24 മണിക്കൂറിനകം അക്കാര്യം കോടതിയെ അറിയിക്കണം.

മേയ് 21-നാണ് വിദേശയാത്രാനുമതിതേടി വദ്ര സി.ബി.ഐ. കോടതിയെ സമീപിച്ചത്. പതിവു ചികിത്സയ്ക്കായി പോകാനാണ് അനുമതി തേടുന്നതെന്നുപറഞ്ഞ് ഇ.ഡി. ഇതിനെ എതിർത്തു. കുടലിലെ മുഴയ്ക്കു ചികിത്സതേടിയാണ് യാത്രയെന്നും ബോധിപ്പിച്ചു.

Content Highlights: cbi court allows permission to robert vadra for foreign trip