മുംബൈ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പേരിലുള്ള അപകീർത്തിക്കേസിൽ അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ പകർപ്പ് തെളിവായി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആർ.എസ്.എസ്. പ്രവർത്തകൻ നൽകിയ ഹർജി ബോംബെ ഹൈക്കോടതി തിങ്കളാഴ്ച തള്ളി.

മഹാത്മാഗാന്ധിയെ വധിച്ചത് ആർ.എസ്.എസ്. ആണെന്ന് 2014-ൽ തിരഞ്ഞെടുപ്പുപ്രചാരണത്തിനിടെ രാഹുൽഗാന്ധി പ്രസംഗിച്ചിരുന്നു. ഇതിനെതിരേയാണ് ആർ.എസ്.എസ്. പ്രവർത്തകനായ രാജേഷ് കുന്ദേ ഭിവൻഡിയിലെ കോടതിയിൽ മാനനഷ്ടക്കേസ് നൽകിയത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിച്ച രാഹുൽ, തന്റെ പ്രസംഗത്തിന്റെ പകർപ്പ് ഹാജരാക്കിയിരുന്നു. ഈ പകർപ്പ് രാഹുലിനെതിരായ തെളിവായി സ്വീകരിക്കണമെന്ന കുന്ദേയുടെ ആവശ്യം ഭിവൻഡിയിലെ കോടതി തള്ളി. അതിനെതിരേ ബോംബെ ഹൈക്കോടതിയിൽ നൽകിയ ഹർജിയാണ് ജസ്റ്റിസ് രേവതി മോഹിതേ ദേരെ തിങ്കളാഴ്ച തള്ളിയത്. ഭിവൻഡി കോടതിയിൽ രാഹുലിന്റെ പേരിൽ നൽകിയ അപകീർത്തിക്കേസിൽ വാദം തുടരുകയാണ്.