ചെന്നൈ : ഐ.എസ്.ആർ.ഒ.യുടെ ഭൗമനിരീക്ഷണ (റിമോട്ട് സെൻസിങ് ) ഉപഗ്രഹശ്രേണിയിലെ ഒമ്പതാമത്തേതായ കാർട്ടോസാറ്റ് - 3 ബുധനാഴ്ച വിക്ഷേപിക്കും.

രാവിലെ 9.28-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്ന് പി.എസ്.എൽ.വി. സി-47 റോക്കറ്റ് ഉപഗ്രഹവുമായി ബഹിരാകാശത്തേക്ക് കുതിക്കും. 26 മണിക്കൂർ നീളുന്ന കൗണ്ട് ഡൗൺ ചൊവ്വാഴ്ച രാവിലെ 7.28-ന് ആരംഭിച്ചു. അമേരിക്കയുടെ 13 നാനോ ഉപഗ്രഹങ്ങളെയും കാർട്ടോസാറ്റിനൊപ്പം വിക്ഷേപിക്കും. 27 മിനിറ്റിനുള്ളിൽ 14 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കുന്ന ഐ.എസ്.ആർ.ഒ.യുടെ നിർണായക വിക്ഷേപണം കൂടിയാണിത്. ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ ഇത് 74-ാം വിക്ഷേപണ ദൗത്യമാണ്.

കാർട്ടോസാറ്റ്-3

* വിദൂരസംവേദന ഉപഗ്രഹമാണ് കാർട്ടോസാറ്റ്-3

* ഭാരം- 1625 കിലോഗ്രാം

* കാലാവധി- അഞ്ച്‌ വർഷം

* ദൗത്യം-നഗരാസൂത്രണം, ഗ്രാമീണ അടിസ്ഥാനസൗകര്യ വികസനം, തീരദേശ ഭൂവിനിയോഗം, ഭൂവിസ്തൃതി, ദുരന്തനിവാരണം തുടങ്ങിയ മേഖലകൾ

* അത്യാധുനിക ക്യാമറ സംവിധാനം

* വിക്ഷേപണവാഹനം പി.എസ്.എൽ.വി. സി-47 (ഇതിന്റെ ഭാരം 320 ടൺ)

* ഭൂമിയെ ചുറ്റുക-509 കിലോമീറ്റർ ഉയരെനിന്ന്

* ചെരിവ്-97.5 ഡിഗ്രി

ഒപ്പം പോകുന്ന ‘അമേരിക്കക്കാർ’

* വാണിജ്യാവശ്യങ്ങൾക്കുള്ള അമേരിക്കയുടെ 13 ചെറു ഉപഗ്രഹങ്ങളാണിത്

* 12 എണ്ണം ഫ്ളോക്ക് -4 പി വിഭാഗത്തിൽപ്പെടുന്ന ഭൂനിരീക്ഷണ ഉപഗ്രഹങ്ങൾ

* ഒന്ന് ആശയവിനിമയത്തിനുള്ള ടെസ്റ്റ് ബെഡ് ഉപഗ്രഹമായ മെഷ്ബെഡ്

(ബഹിരാകാശ വകുപ്പിനുകീഴിലുള്ള ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് കമ്പനിയുമായി വാണിജ്യാടിസ്ഥാനത്തിലുള്ള ധാരണയുടെ ഭാഗമായാണ് യു.എസ്. ഉപഗ്രഹങ്ങളുടെ വിക്ഷേപണം)

കാർട്ടോസാറ്റ്-1(ഐ.ആർ.എസ്. പി.5) - 2005 മേയ് 5-ന് വിക്ഷേപിച്ചു

കാർട്ടോസാറ്റ്-2 (ഐ.ആർ.എസ്. പി.7)-2007 ജനുവരി 10-ന് വിക്ഷേപിച്ചു

Content Highlights: Cartostat 3 ISRO satellite