ന്യൂഡൽഹി: കോൺഗ്രസിനെ തകർക്കാൻ ആർക്കുമാവില്ലെന്ന് എ.ഐ.സി.സി. ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പാർട്ടിയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ നേരത്തേയും ഉണ്ടായിട്ടുണ്ടെന്നും എന്നാൽ, തങ്ങൾ അതിനെയെല്ലാം അതിജീവിച്ച് ജനകീയ പ്രശ്നങ്ങളുന്നയിച്ച് മുന്നോട്ടുപോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് നേതാക്കൾ മമതാ ബാനർജി നയിക്കുന്ന തൃണമൂൽ കോൺഗ്രസിലേക്ക് കൂറുമാറുന്നതിനെക്കുറിച്ചായിരുന്നു വേണുഗോപാലിന്റെ പ്രതികരണം. 2024-ലെ പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബംഗാളിനുപുറത്ത് വേരുറപ്പിക്കാൻ പദ്ധതിയിടുകയാണ് തൃണമൂൽ കോൺഗ്രസ്. അതിനായി നാടകം കളിക്കുകയാണ് മമതാ ബാനർജിയെന്ന് വേണുഗോപാൽ കുറ്റപ്പെടുത്തി.

ഇതിനെക്കുറിച്ചൊന്നും പാർട്ടി ആകുലപ്പെടുന്നില്ല. കേന്ദ്രത്തിലെ ജനവിരുദ്ധ സർക്കാരിനെതിരേ കോൺഗ്രസ് പോരാടും. ബി.ജെ.പി.യെ എതിർക്കാൻ ശേഷിയുള്ള ഒരേയൊരു ദേശീയ പാർട്ടി കോൺഗ്രസാണെന്നും വേണുഗോപാൽ പറഞ്ഞു.