ന്യൂഡൽഹി: മലയാളി സന്ന്യാസിനി വാഴ്‌ത്തപ്പെട്ട സിസ്റ്റർ മറിയം ത്രേസ്യയെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിൽ പരാമർശിച്ചു. അടുത്ത മാസം മാർപാപ്പ അവരെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി അവരെ അനുസ്മരിച്ചത്.

“അവരവർക്കുവേണ്ടിയല്ലാതെ, മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി ജീവിതം മുഴുവൻ സമർപ്പിച്ച അസാധാരണ മഹാപുരുഷന്മാരുടെ ജന്മഭൂമിയും കർമഭൂമിയുമാണ് ഭാരതം എന്നത് നമ്മുടെയെല്ലാം സൗഭാഗ്യമാണ്. അനേകം മനുഷ്യരത്നങ്ങൾ ഇവിടെ ഉയിർകൊണ്ടിട്ടുണ്ട്. അവർ തങ്ങൾക്കുവേണ്ടിയല്ലാതെ മറ്റുള്ളവർക്കുവേണ്ടി സ്വയം സമർപ്പിക്കപ്പെട്ടവരാണ്. അങ്ങനെയൊരു മഹാവ്യക്തിത്വം ഒക്ടോബർ 13-നു വത്തിക്കാൻ സിറ്റിയിൽ ആദരിക്കപ്പെടുകയാണ്. ഇത് എല്ലാ ഭാരതീയർക്കും അഭിമാനമേകുന്ന കാര്യമാണ്. ഫ്രാൻസിസ് മാർപാപ്പ മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കും.

സിസ്റ്റർ മറിയം ത്രേസ്യ 50 വർഷത്തെ അവരുടെ ചുരുങ്ങിയ ജീവിതകാലം കൊണ്ട് മനുഷ്യകുലത്തിന്റെ നന്മയ്ക്കായി ചെയ്ത പ്രവൃത്തികൾ ലോകത്തിനുമുഴുവൻ തന്നെയും ഉദാഹരണമാണ്. സാമൂഹികസേവനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും മേഖലയോട് അവർക്ക് വലിയ അടുപ്പമായിരുന്നു. അവർ പല സ്കൂളുകളും ഹോസ്റ്റലുകളും അനാഥാലയങ്ങളും പണിയിപ്പിച്ചു, ജീവിതാവസാനം വരെ ഈ ദൗത്യത്തിൽ മുഴുകി”- പ്രധാനമന്ത്രി പറഞ്ഞു.

തൃശ്ശൂർ മാള സ്വദേശിയായ സിസ്റ്റർ മറിയം ത്രേസ്യയെ 2000 ഏപ്രിൽ ഒൻപതിനാണ് മാർപാപ്പ വാഴ്‌ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്.

Content Highlights: Canonisation of Mariam Thresia is matter of pride for every Indian: PM Modi in Man Ki Bath