ന്യൂഡല്‍ഹി: സ്ഥാനാര്‍ഥികള്‍ ഒരേസമയം രണ്ട് സീറ്റുകളില്‍ മത്സരിക്കുന്നത് തടയുന്നവിധത്തില്‍ നിയമഭേദഗതി കൊണ്ടുവരാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമമന്ത്രാലയത്തോട് ശുപാര്‍ശചെയ്തു.
 
ഒരുസ്ഥാനാര്‍ഥി രണ്ടുസീറ്റുകളില്‍നിന്ന് മത്സരിച്ച് രണ്ടിലും ജയിക്കുകയാണെങ്കില്‍ അതിലൊന്ന് ഉപേക്ഷിക്കേണ്ടിവരും. ഈ സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത് സാമ്പത്തികമായും മറ്റും വലിയ ചെലവുവരുത്തുന്നതാണ്. മാത്രമല്ല, ആ മണ്ഡലത്തിലെ ജനങ്ങളോട് കാണിക്കുന്ന അനീതിയാകുമെന്നും ശുപാര്‍ശയില്‍ പറയുന്നു.