ന്യൂഡൽഹി: ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത് നോട്ടയ്ക്കാണെങ്കിൽ (നൺ ഓഫ് ദി എബൗ) ആ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കി വീണ്ടും നടത്തണമെന്ന ഹർജിയിൽ സുപ്രീംകോടതി നോട്ടീസയച്ചു. ഭരണഘടനയുടെ 324-ാം വകുപ്പു പ്രകാരം തിരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാരമുപയോഗിച്ച് ഇത്തരം മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. നേതാവ് അഡ്വ. അശ്വിനി കുമാർ ഉപാധ്യായ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് നോട്ടീസയച്ചത്.

ഇവിടെ വീണ്ടും തിരഞ്ഞെടുപ്പ് നടക്കുമ്പോൾ നേരത്തേയുണ്ടായിരുന്ന സ്ഥാനാർഥികളെ വീണ്ടും മത്സരിക്കുന്നതിൽനിന്ന് വിലക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. ഈ ആവശ്യം പ്രധാനപ്പെട്ടതാണെങ്കിലും ഉൾക്കൊള്ളാൻ പ്രയാസമാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഇഷ്ടമില്ലാത്തവരെ തള്ളാനും ജനങ്ങൾക്ക് അവകാശമുണ്ടെന്ന് ഹർജിക്കാരൻ വാദിച്ചു. സ്ഥാനാർഥികളുടെ പശ്ചാത്തലത്തിൽ അതൃപ്തിയുണ്ടെങ്കിൽ അവരെ മുഴുവനും തള്ളി പുതിയ ആളുകളെ ജയിപ്പിക്കാൻ ജനങ്ങൾക്ക് സാധിക്കണം. സ്ഥാനാർഥികളെക്കാൾ വോട്ട് നോട്ടയ്ക്കാണെങ്കിൽ തിരഞ്ഞെടുപ്പുഫലം റദ്ദാക്കി വീണ്ടും മത്സരം നടത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനും ലോ കമ്മിഷനും ശുപാർശ ചെയ്തിട്ടും സർക്കാർ അതുമായി മുന്നോട്ടുപോയില്ലെന്നും ഉപാധ്യായ ചൂണ്ടിക്കാട്ടി.

content highlights: cancel election if nota gets most votes; petition in supreme court