ന്യൂഡൽഹി: കോൺഗ്രസ് സർക്കാരിന്റെ കാലത്ത് ഓയിൽ ബോണ്ടുകൾ ഇറക്കിയതിലൂടെയുണ്ടായ ബാധ്യത ഇല്ലായിരുന്നെങ്കിൽ ഇന്ധനവിലയിൽ കേന്ദ്രസർക്കാരിന് ഇളവുകൾ നൽകാനാകുമായിരുന്നെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഇന്ധനവില കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കയായിരുന്നു അവർ.

യു.പി.എ. സർക്കാർ ഇന്ധനവില കുറയ്ക്കാൻ സബ്സിഡി നൽകാനായി ഇറക്കിയ ബോണ്ടുകൾക്ക് കഴിഞ്ഞ ഏഴുവർഷത്തിനിടെ സർക്കാർ 70,195.72 കോടിയിലധികം പലിശ നൽകിക്കൊണ്ടിരിക്കയാണ്. 1.3 ലക്ഷം കോടി രൂപ ഇനിയും ബാക്കിയുണ്ട്, മന്ത്രി പറഞ്ഞു. സർക്കാരിനുമേലുള്ള ഈ അധികബാധ്യത ഇല്ലായിരുന്നെങ്കിൽ ഇന്ധനവിലയിലെ എക്സൈസ് തീരുവ കുറയ്ക്കാൻ കഴിയുമായിരുന്നെന്ന് ധനമന്ത്രി പറഞ്ഞു.

പെട്രോളിനെയും ഡീസലിനെയും ജി.എസ്.ടി. പരിധിയിൽ ഉൾപ്പെടുത്താവുന്നതാണ്. സംസ്ഥാനങ്ങൾ എന്ന് ഇതിന് അനുവദിക്കുന്നുവോ, അന്ന് അത് നടപ്പാക്കാവുന്നതാണെന്നും അവർ പറഞ്ഞു.

മുൻകാല പ്രാബല്യത്തോടെ കമ്പനികളിൽനിന്ന് നികുതി ഈടാക്കുന്നത് അവസാനിപ്പിക്കുന്നതിനായുള്ള ചട്ടങ്ങൾക്ക് ഉടനടി രൂപംനൽകുമെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇതുസംബന്ധിച്ച ബില്ലിന് പാർലമെന്റ് ഒരാഴ്ചമുമ്പ് അംഗീകാരം നൽകിയിരുന്നു.

content highlights: can't decrease exice duty of fuel says nirmala sitharaman