ന്യൂഡൽഹി: പ്രതിഷേധത്തിന് തങ്ങൾ എതിരല്ലെന്നും എന്നാൽ, അനിശ്ചിതമായി റോഡ് അടച്ചിട്ട് സമരം ചെയ്യാനാവില്ലെന്നും ആവർത്തിച്ച് സുപ്രീംകോടതി. ഡൽഹി അതിർത്തികളിലെ കർഷകസമരം കാരണം ഗതാഗതതടസ്സമുണ്ടാകുന്നതിനെതിരായ ഹർജി പരിഗണിക്കവേ ജസ്റ്റിസ് എസ്.കെ. കൗൾ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. മറുപടി ഫയൽചെയ്യാൻ കർഷകസംഘടനകൾക്ക് സമയം അനുവദിച്ച സുപ്രീംകോടതി കേസ് ഡിസംബർ ഏഴിലേക്ക് മാറ്റി.

കോടതിയിൽ കേസ് പരിഗണിച്ചുകൊണ്ടിരിക്കെ അതേ വിഷയത്തിൽ സമരം ചെയ്യുന്നതിനോട് സുപ്രീംകോടതിയുടെ മറ്റൊരു ബെഞ്ച് ഈയിടെ എതിർപ്പറിയിച്ചിരുന്നു. കാർഷിക നിയമങ്ങൾക്കെതിരായ ഹർജി സുപ്രീംകോടതിയിലുള്ളപ്പോൾ അതേ വിഷയത്തിൽ കർഷകർ സമരംചെയ്യുന്നതിനെയാണ് ജസ്റ്റിസ് ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് അന്ന് ചോദ്യംചെയ്തത്.

പലതവണ കോടതി ഉത്തരവുകളുണ്ടായിട്ടും ഗതാഗതതടസ്സം നീങ്ങിയില്ലെന്നു പരാതിക്കാരിയായ മോണിക്ക അഗർവാൾ ചൂണ്ടിക്കാട്ടി.

യാത്രാതടസ്സമുണ്ടാക്കുന്നത് പോലീസെന്ന് കർഷകർ; ഗാസിപ്പുരിലെ സമരകേന്ദ്രം മാറ്റില്ല

റോഡിൽ ബാരിക്കേഡുകൾ നിരത്തി ജനങ്ങൾക്കു ഗതാഗത തടസ്സമുണ്ടാക്കുന്നത് കർഷകരല്ല, പോലീസാണെന്ന് ഡൽഹി-യു.പി. അതിർത്തിയായ ഗാസിപ്പുരിൽ പ്രക്ഷോഭം നയിക്കുന്ന ഭാരതീയ കിസാൻ യൂണിയൻ. സുപ്രീംകോടതി ഉത്തരവിനു പിന്നാലെ ഗാസിപ്പുരിലെ സമരകേന്ദ്രം മാറ്റുമെന്ന പ്രചാരണം നേതാക്കൾ നിഷേധിച്ചു.

സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് ഡൽഹി-മീററ്റ് എക്സ്‌പ്രസ് പാതയിൽനിന്ന് ടെന്റുകൾ നീക്കുന്ന ദൃശ്യങ്ങൾ ചില ചാനലുകളിലും സാമൂഹികമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. ഇതോടെ, സമരകേന്ദ്രം മാറുന്നതായുള്ള അഭ്യൂഹവും ശക്തമായി. ഇതിനെത്തുടർന്നാണ് നേതാക്കളുടെ വിശദീകരണം. ഫ്‌ളൈ ഓവറിൽ ഡൽഹി ഭാഗത്തേക്കുള്ള സർവീസ് റോഡിലെ ഒരു ടെന്റാണ് നീക്കിയതെന്നും സമരക്കാർ വിശദീകരിച്ചു.