court
പ്രതീകാത്മകചിത്രം| Photo: Mathrubhumi

കൊൽക്കത്ത: പ്രായപൂർത്തിയായ വ്യക്തി സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ച് മതംമാറുന്നതിൽ ഇടപെടാൻ സാധിക്കില്ലെന്ന് കൊൽക്കത്ത കോടതി. വ്യത്യസ്ത മതത്തിൽപ്പെട്ടയാളെ വിവാഹം കഴിക്കാൻ മകളെ ചിലർ നിർബന്ധിച്ചെന്നു പറഞ്ഞ് പിതാവ് സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

വിവാഹത്തെത്തുടർന്ന് പോലീസിൽ പിതാവ് നൽകിയ പരാതിയിൻമേൽ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരായ 19-കാരി തന്റെ ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്ന് മൊഴി നൽകിയിരുന്നു. എന്നാൽ, മൊഴി രേഖപ്പെടുത്തുമ്പോൾ മകൾക്ക് സത്യങ്ങൾ പുറത്തുപറയാൻ സാധിക്കാത്ത സാഹചര്യമായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് പിതാവ് ഹൈക്കോടതിയെ സമീപിച്ചത്.

‘‘പ്രായപൂർത്തിയായ പെൺകുട്ടി തന്റെ ഇഷ്ടപ്രകാരം വിവാഹം കഴിച്ച് മതം മാറുകയും സ്വന്തം വീട്ടിലേക്ക് വരാതിരിക്കുകയും ചെയ്താൻ അതിൽ കോടതിക്ക് ഇടപെടാൻ കഴിയില്ല’’ -ജസ്റ്റിസ് സഞ്ജീബ് ബാനർജി അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പറഞ്ഞു.

അതേസമയം, പരാതി പരിഗണിച്ച കോടതി ഏറ്റവും മുതിർന്ന അഡീഷണൽ ജില്ലാ ജഡ്ജിക്ക് മുമ്പാകെ പെൺകുട്ടിയോട് ഒരിക്കൽകൂടി മൊഴി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സമയത്ത് ഭർത്താവും പിതാവുമടക്കമുള്ള ആരുംതന്നെ പെൺകുട്ടിയോടൊപ്പം ഉണ്ടാകരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

content highlights: can not interfere if a person converts own will and gets married culcutta high court