ന്യൂഡൽഹി: കോൺഗ്രസിൽനിന്ന് ‘അപമാനിതനായി’ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പടിയിറങ്ങേണ്ടി വന്ന ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ പുതിയ പാർട്ടി പ്രഖ്യാപനം പഞ്ചാബിൽ ചലനമുണ്ടാക്കുമോ എന്നതാണ് നിയമസഭാതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി രാഷ്ട്രീയവൃത്തങ്ങളിൽ ചർച്ചാവിഷയം.

ഒരു വർഷത്തോളമായി തുടരുന്ന കർഷകസമരത്തിന് പരിഹാരംകാണാൻ കേന്ദ്രസർക്കാർ തയ്യാറാവുകയാണെങ്കിൽ ബി.ജെ.പി.യുമായി സഖ്യത്തിന് തയ്യാറാണെന്നാണ് ക്യാപ്റ്റന്റെ നിലപാട്. രാജ്യസഭാംഗം സുഖ്‌ദേവ് സിങ് ദിൻസ, രഞ്ജിത്ത് സിങ് ബ്രഹംപുര എന്നിവരുടെ നേതൃത്വത്തിലുള്ള അകാലിദളുമായി കൈകോർക്കാൻ മടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ബി.ജെ.പി.യുമായിമാത്രം സഖ്യമുണ്ടാക്കിയിട്ട് കാര്യമില്ലെന്ന് ക്യാപ്റ്റനറിയാം. പഞ്ചാബിൽ അധികാരം എന്നും അകാലിദളിലും കോൺഗ്രസിലുമാണ്. കർഷകപ്രശ്നത്തിൽ അകാലിദൾ-ബി.ജെ.പി. സഖ്യം പിരിഞ്ഞതോടെ ഒറ്റയ്ക്ക് മത്സരിക്കാനേ പറ്റൂ എന്ന സ്ഥിതിയിലാണ് ബി.ജെ.പി.

ദളിതായ ചരൺജിത്ത് സിങ് ചന്നിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത് കോൺഗ്രസിന് ഉണർവുണ്ടാക്കിയിട്ടുണ്ട്. എന്നാൽ, മുഖ്യമന്ത്രിയും പി.സി.സി. അധ്യക്ഷനായ നവജ്യോത് സിങ് സിദ്ദുവും തമ്മിൽ തുടരുന്ന തർക്കത്തിലൂടെ കുറച്ച്‌ കോൺഗ്രസ് എം.എൽ.എ.മാരെക്കൂടി അടർത്തിയെടുക്കാനായാൽ അദ്‌ഭുതം കാട്ടാമെന്ന പ്രതീക്ഷയിലാണ് ക്യാപ്റ്റൻ.

അതേസമയം, കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായും രാജ്യരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലുമായും അമരീന്ദർ എന്നും അടുത്ത ബന്ധം പുലർത്തുന്നു എന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ ആരോപണം. അതുശരിവെക്കുന്ന തരത്തിലായിരുന്നു രാജിക്കുപിന്നാലെയുള്ള അമരീന്ദറിന്റെ പ്രതികരണങ്ങളും.

ദേശീയതാത്‌പര്യം മുൻനിർത്തി ക്യാപ്റ്റനുമായി സഖ്യമുണ്ടാക്കാൻ തയ്യാറാണെന്ന് ബി.ജെ.പി. ജനറൽ സെക്രട്ടറി ദുഷ്യന്ത് ഗൗതം വ്യക്തമാക്കി. അതേസമയം, അദ്ദേഹം ആദ്യം കോൺഗ്രസ് വിടട്ടെയെന്നാണ് അകാലിദൾ (എസ്.) നേതൃത്വത്തിന്റെ നിലപാട്.