ന്യൂഡൽഹി: നാലുമാസം പ്രായമുള്ള കുഞ്ഞിന് സമരത്തിനിറങ്ങാൻ കഴിയുമോയെന്ന് സുപ്രീംകോടതി.

പൗരത്വനിയമ ഭേദഗതിക്കെതിരേ ഡൽഹി ഷഹീൻബാഗിൽ നടക്കുന്ന സമരത്തിനിടെ നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചതിനെക്കുറിച്ചാണ് സുപ്രീംകോടതിയുടെ ചോദ്യം. സംഭവത്തിൽ സ്വമേധയാ കേസെടുത്ത കോടതി കേന്ദ്രത്തിനും ഡൽഹി സർക്കാരിനും തിങ്കളാഴ്ച നോട്ടീസയച്ചു.

പ്രായപൂർത്തിയാവാത്ത കുട്ടികളെ സമരത്തിൽ പങ്കെടുപ്പിക്കുന്നത് ശരിയല്ലെന്ന് കേന്ദ്രത്തിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. സമരത്തിൽ പങ്കെടുത്ത കുട്ടികളെ അവരുടെ സ്കൂളുകളിൽ പാകിസ്താൻകാരെന്നും ദേശവിരുദ്ധരെന്നും വിളിക്കുന്നെന്ന് രണ്ടു വനിതാ അഭിഭാഷകർ പറഞ്ഞപ്പോൾ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ രോഷംകൊണ്ടു. പ്രധാന വിഷയത്തിൽനിന്നുമാറി പ്രശ്നങ്ങളുണ്ടാക്കാൻ കോടതിയെ ഉപയോഗപ്പെടുത്തരുതെന്ന് അദ്ദേഹം മുന്നറിയിപ്പുനൽകി. സ്കൂളിൽ പാകിസ്താനിയെന്ന് വിളിക്കുന്നതോ പൗരത്വനിയമ ഭേദഗതിയോ ഈ ബെഞ്ചിന്റെ മുന്നിലില്ലെന്നും കോടതി വ്യക്തമാക്കി.

അമ്മയ്ക്കൊപ്പം ദിവസങ്ങളോളം സമരത്തിൽ പങ്കെടുത്ത കുഞ്ഞ് ജനുവരി 30-നാണ് മരിച്ചത്. കുഞ്ഞുങ്ങളെ പ്രതിഷേധസമരങ്ങളിൽ പങ്കെടുപ്പിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് 12 വയസ്സുള്ള ദേശീയ ധീരതാ പുരസ്കാര ജേതാവ് ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരുന്നു. കുഞ്ഞിന്റെ അവകാശം സംരക്ഷിക്കുന്നതിൽ മാതാപിതാക്കളും ഷഹീൻബാഗിലെ സമരസംഘാടകരും പരാജയപ്പെട്ടുവെന്നുകാട്ടിയാണ് മുംബൈയിലെ സെൻ ഗുൺരത്തൻ സദ്‌വാർത്തെ കത്തയച്ചത്.

content highlights; Can a four-month-old go to protest at Shaheen Bagh?: SC on infant's death