ന്യൂഡൽഹി: അനിമൽ ഹസ്ബൻഡറി മേഖലയിൽ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള 15,000 കോടി രൂപയുടെ ഫണ്ടിന് (എ.എച്ച്.ഐ.ഡി.എഫ്.) കേന്ദ്രമന്ത്രിസഭ അനുമതി നൽകി. ക്ഷീരമേഖലയ്ക്കു മാത്രമായി 10,000 കോടി രൂപയുടെ ഫണ്ട് നേരത്തേ രൂപവത്കരിച്ചിരുന്നു.

പാലുത്പാദനം, ഇറച്ചി സംസ്കരണം, തീറ്റയുത്പാദന ശാലകൾ എന്നിവയ്ക്കുള്ള അടിസ്ഥാനസൗകര്യങ്ങളുണ്ടാക്കാൻ എ.എച്ച്.ഐ.ഡി.എഫിൽനിന്ന് സാമ്പത്തികസഹായം നൽകും. കാർഷികോത്പാദന സംഘടനകൾ, ചെറുകിട-ഇടത്തരം സംരംഭങ്ങൾ, സെക്‌ഷൻ എട്ട് വിഭാഗത്തിൽപ്പെടുന്ന കമ്പനികൾ, സ്വകാര്യ കമ്പനികൾ, സ്വതന്ത്രസംരംഭകർ തുടങ്ങിയവർക്കാണ് സഹായം കൊടുക്കുക. ഈ രംഗത്ത് നിക്ഷേപംനടത്തുന്ന പിന്നാക്ക ജില്ലകളിലുള്ളവർക്ക് നാലുശതമാനവും മറ്റിടങ്ങളിൽ മൂന്നുശതമാനവും പലിശയിളവ് നൽകും. തിരിച്ചടവിന് രണ്ടുവർഷത്തെ മൊറട്ടോറിയം അനുവദിക്കും. ആറുവർഷംകൊണ്ട് വായ്പ തിരിച്ചടച്ചാൽ മതി. ഇതുമായി ബന്ധപ്പെട്ട് നബാർഡ് കൈകാര്യംചെയ്യുന്ന 750 കോടി രൂപയുടെ ക്രെഡിറ്റ് ഗ്യാരന്റി ഫണ്ടും രൂപവത്കരിക്കും.

അനിമൽ ഹസ്ബൻഡറി രംഗത്ത് സ്വകാര്യ നിക്ഷേപത്തിന് വലിയ സാധ്യതയുണ്ടെന്ന് വകുപ്പുമന്ത്രി ഗിരിരാജ് സിങ് പറഞ്ഞു. സംസ്കരണം, മൂല്യവർധന എന്നിവയ്ക്കായി നടത്തുന്ന നിക്ഷേപം കയറ്റുമതിക്കും ഗുണകരമാവും. 35 ലക്ഷം പേരുടെ ജീവനോപാധിക്ക് നേരിട്ടും അല്ലാതെയും എ.എച്ച്.ഐ.ഡി.എഫ് പ്രയോജനംചെയ്യും.