ന്യൂഡല്‍ഹി: ഏഴാം ശമ്പളക്കമ്മിഷന്‍ നിലവില്‍വന്ന 2016- ന് മുമ്പ് വിരമിച്ച കേന്ദ്ര ജീവനക്കാരുടേയും(സിവില്‍,സൈനിക ജീവനക്കാര്‍) കുടുംബപെന്‍ഷന് അര്‍ഹരായവരുടേയും പെന്‍ഷന്‍ തുക വര്‍ധിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. പെന്‍ഷന്‍ കണക്കാക്കുന്നതിനുള്ള പരിഷ്‌കരിച്ച 'ഫോര്‍മുല' ബുധനാഴ്ചത്തെ മന്ത്രിസഭ അംഗീകരിച്ചതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 55 ലക്ഷം പേര്‍ക്ക് ഇതിന്റെ മെച്ചം ലഭിക്കും.

2016 ജൂണ്‍ 29-ന് ശമ്പളക്കമ്മിഷന്‍ ശുപാര്‍ശ അംഗീകരിക്കുമ്പോള്‍ 2016- ന് മുമ്പ് വിരമിച്ചവരുടെ കാര്യത്തില്‍ പെന്‍ഷന്‍ കണക്കാക്കാന്‍ രണ്ടു വെവ്വെറെ ഫോര്‍മുലകള്‍ പറഞ്ഞിരുന്നു. ഇതിലൊന്ന് പെന്‍ഷന്‍ സെക്രട്ടറി അധ്യക്ഷനായ സമിതി പ്രത്യേകം പഠിച്ച് പരിഷ്‌കരണം നിര്‍ദേശിക്കുകയായിരുന്നു. മുമ്പ് ലഭിച്ചുകൊണ്ടിരുന്ന പെന്‍ഷനെ 2.57 കൊണ്ട് ഗുണിച്ചാണ് പെന്‍ഷന്‍ പരിഷ്‌കരിച്ചിരുന്നത്.

ഓരോ പെന്‍ഷന്‍കാരനും നല്‍കിയിട്ടുള്ള 'പെന്‍ഷന്‍ പേയ്‌മെന്റ് ഓര്‍ഡറിലെ'(പി.പി.ഒ.) വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍ പരിഷ്‌കരിക്കണമെന്നാണ് സമിതിയുടെ ശുപാര്‍ശ. എല്ലാ കേസുകളിലും അതായിരിക്കും കൂടുതല്‍ ശാസ്ത്രീയവും യുക്തിസഹവും നടപ്പാക്കാന്‍ എളുപ്പവും. നൂറുകണക്കിന് പെന്‍ഷന്‍ കേസുകള്‍ അപഗ്രഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമിതി ഈ നിഗമനത്തിലെത്തിയത്. ശമ്പളക്കമ്മിഷന്‍ ശുപാര്‍ശ ചെയ്ത ആദ്യത്തെ ഫോര്‍മുലയെക്കാള്‍ മെച്ചപ്പട്ടതാണ് ഇതെന്നും കൂടുതല്‍ ആനുകൂല്യം ലഭിക്കുമെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. ഒട്ടേറെ കേസുകളില്‍ രേഖകള്‍ ലഭ്യമല്ലാത്തതിനാല്‍ ആദ്യത്തേ ഫോര്‍മുല നടപ്പാക്കുന്നതിന് പ്രായോഗികബുദ്ധിമുട്ടും ഉണ്ട്.

പരിഷ്‌കരിച്ച ഫോര്‍മുല പ്രകാരം പെന്‍ഷന്‍ നല്‍കുമ്പോള്‍ 5031 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാവുമെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു.
 

പരിക്കേറ്റ സൈനികര്‍ക്കുള്ള പെന്‍ഷന്‍

പരിക്കേറ്റ സൈനികര്‍ക്കുള്ള പെന്‍ഷനിലും മാറ്റം വരുത്തി. അംഗപരിമിതത്വത്തിന്റെ ശതമാനം നോക്കിയുള്ള പെന്‍ഷന്‍രീതി തുടരാനാണ് തീരുമാനം.

ആറാം ശമ്പളക്കമ്മിഷനുശേഷമാണ് ഇത് നടപ്പാക്കിയത്. എന്നാല്‍ അതിനുപകരം സ്ലാബ് അടിസ്ഥാനമാക്കിയുള്ള പെന്‍ഷന്‍ നല്‍കാന്‍ ഏഴാം ശമ്പളക്കമ്മിഷന്‍ ശുപാര്‍ശ ചെയ്തു.

ഈ വിഷയം പ്രതിരോധ മന്ത്രാലയത്തിന്റെ 'അനോമലി സമിതി' പ്രത്യേകം പരിശോധിക്കുകയുണ്ടായി. നിലവിലെ പെന്‍ഷന്‍കാര്‍ക്കും ഭാവിയിലെ പെന്‍ഷന്‍കാര്‍ക്കും പെന്‍ഷന്‍ കുറയുമെന്ന വാദം സമിതിക്കുമുന്നില്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശതമാനം അടിസ്ഥാനമാക്കിയുള്ള അംഗപരിമിത പെന്‍ഷന്‍ തുടരാന്‍ മന്ത്രിസഭ തീരുമാനിച്ചത്. ഇതിന് 130 കോടി രൂപയുടെ അധികച്ചെലവ് ഉണ്ടാവും.