ന്യൂഡൽഹി: റെയിൽവേ ബോർഡും നടത്തിപ്പും വലിയതോതിൽ പരിഷ്കരിക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. നിലവിലെ എട്ട് ഗ്രൂപ്പ് എ സർവീസുകൾ ഏകീകരിച്ച് ഇന്ത്യൻ റെയിൽവേ മാനേജ്‌മെന്റ് സർവീസ് എന്ന ഒറ്റവിഭാഗമാക്കി. റെയിൽവേ സംരക്ഷണസേനയും മെഡിക്കൽ വിഭാഗവും അതുപോലെ നിൽക്കും.

മറ്റു വിഭാഗങ്ങളെല്ലാം ഒറ്റ കുടക്കീഴിലാവും. മെഡിക്കൽ വിഭാഗത്തിന്റെ പേര് ഇന്ത്യൻ റെയിൽവേ ഹെൽത്ത് സർവീസ് എന്നാവും. റെയിൽവേ ബോർഡിൽ ഇനി ചെയർമാനും നാല് അംഗങ്ങളും മാത്രമേ ഉണ്ടാവൂ. നിലവിൽ എട്ടുപേരാണുള്ളത്.

അടുത്ത 12 വർഷത്തിൽ 50 ലക്ഷം കോടിയുടെ നിക്ഷേപത്തിലൂടെ റെയിൽവേയുടെ ആധുനികീകരണം, സുരക്ഷ, മികച്ച സേവനം എന്നിവ ഉറപ്പാക്കി വളർച്ച ത്വരപ്പെടുത്താനാണ് പരിഷ്കരണമെന്ന് മന്ത്രി പീയൂഷ് ഗോയൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വിവിധ സമിതികൾ ഇതുസംബന്ധിച്ചു ശുപാർശ നൽകിയിരുന്നു. വിവിധ തലങ്ങളിലുള്ള 1200 ഓഫീസർമാർ വീഡിയോ കോൺഫറൻസിലൂടെ ഇക്കാര്യം വിശദമായി ചർച്ചചെയ്തു. ചരിത്രപരമായ തീരുമാനമാണിത്. റെയിൽവേയുടെ പ്രവർത്തനവും തീരുമാനമെടുക്കലും വേഗത്തിലാവും.

റെയിൽവേ ബോർഡ് ഇനി വകുപ്പുതലത്തിലായിരിക്കില്ല പ്രവർത്തിക്കുക. ചെയർമാൻ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ആയിരിക്കും. അടിസ്ഥാന സംവിധാനം, ഓപ്പറേഷൻസ് ആൻഡ് ബിസിനസ് ഡെവലപ്‌മെന്റ്, റോളിങ് സ്റ്റോക്ക്, സാമ്പത്തികം എന്നീ കാര്യങ്ങൾക്കായി നാല് അംഗങ്ങളുണ്ടാവും. വിദഗ്‌ധരായ ഏതാനും സ്വതന്ത്ര അംഗങ്ങളും ബോർഡിലുണ്ടാവും.

നിലവിലെ 27 മേഖലാ ജനറൽ മാനേജർമാർക്കും സെക്രട്ടറിയുടെ പദവി നൽകും. ഇപ്പോൾ 10 സെക്രട്ടറിതല സ്ഥാനങ്ങളാണ് റെയിൽവേയിലുള്ളത്. മേഖലാതലത്തിലും ഡിവിഷണൽ തലത്തിലും ഉദ്യോഗസ്ഥർക്കു കൂടുതൽ പ്രവർത്തനസ്വാതന്ത്ര്യം ലഭിക്കും. തീരുമാനങ്ങൾ വേഗത്തിലെടുക്കാനാവും -മന്ത്രി പറഞ്ഞു.

Content Highlights: cabinet approves restructuring railway board