ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിക്കും നിർദിഷ്ട ദേശീയ പൗരത്വപ്പട്ടികയ്ക്കുമെതിരേ (എൻ.ആർ.സി.) പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കെ, അടുത്ത സെൻസസിന് (കാനേഷുമാരി) ഒപ്പം ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ.പി.ആർ) പുതുക്കാൻ കേന്ദ്രമന്ത്രിസഭ ചൊവ്വാഴ്ച അനുമതി നൽകി. എൻ.ആർ.സി.ക്കു മുന്നോടിയായുള്ള നടപടിയാണെന്നു ചൂണ്ടിക്കാട്ടി പശ്ചിമബംഗാളും കേരളവും ജനസംഖ്യാരജിസ്റ്ററുമായി ബന്ധപ്പെട്ട നടപടികൾ നിർത്തിവെച്ചിട്ടുണ്ട്.

എൻ.ആർ.സി.യും എൻ.പി.ആറും തമ്മിൽ ബന്ധമില്ലെന്നു മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിക്കാൻ വിളിച്ച പത്രസമ്മേളനത്തിൽ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു. ജനസംഖ്യാപട്ടിക മാത്രമാണ് എൻ.പി.ആർ. സെൻസസിന്റെ ഭാഗമായുള്ള ജനസംഖ്യാ കണക്കെടുപ്പായി മാത്രമേ അതിനെ കാണേണ്ടതുള്ളൂ. എൻ.ആർ.സി. പൗരത്വപ്പട്ടികയാണ്. എൻ.ആർ.സി.യുടെ വിഷയം മന്ത്രിസഭയുടെ പരിഗണനയിൽ വന്നിട്ടുമില്ല. സെൻസസിന് 8754 കോടി രൂപയും എൻ.പി.ആറിന് 3941 കോടി രൂപയും മന്ത്രിസഭ അനുവദിച്ചതായും മന്ത്രി അറിയിച്ചു.

അടുത്ത ഏപ്രിലിനും സെപ്റ്റംബറിനുമിടയിൽ സെൻസസിന്റെ ഭാഗമായി വീടുകളുടെ പട്ടിക തയ്യാറാക്കലും വിവരശേഖരണവും നടക്കും. 2021 ഫെബ്രുവരി ഒമ്പതിനും 28-നുമിടയിൽ ജനസംഖ്യാ കണക്കെടുപ്പ് നടത്തും.

യു.പി.എ. സർക്കാരിന്റെ കാലത്ത് 2010-ലാണ് ആദ്യം ജനസംഖ്യാ രജിസ്റ്റർ തയ്യാറാക്കിയത്. 2015-ൽ അതു പരിഷ്കരിച്ചിരുന്നു. യു.പി.എ. ചെയ്തപ്പോൾ ശരിയും ഇപ്പോൾ തെറ്റും ആകുന്നത് എങ്ങനെയാണെന്ന് ജാവഡേക്കർ ചോദിച്ചു.

ആയുഷ്മാൻ ഭാരത്, ഉജ്ജ്വല മുതലായ സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികൾ യഥാർഥത്തിൽ അർഹരായവർക്കു ലഭ്യമാക്കാൻ എൻ.പി.ആറിലെ വിവരങ്ങൾ പ്രയോജനപ്പെടും. ഇപ്പോൾത്തന്നെ പശ്ചിമ ബംഗാൾ, തമിഴ്‌നാട്, ഒഡിഷ, മണിപ്പുർ മുതലായ സംസ്ഥാനങ്ങൾ എൻ.പി.ആറിലെ വിവരങ്ങളാണ് പൊതുവിതരണ സമ്പ്രദായത്തിന് ഉപയോഗിക്കുന്നത് -അദ്ദേഹം പറഞ്ഞു.

എല്ലാ സംസ്ഥാനങ്ങളിലും എൻ.പി.ആർ. നടക്കും. എല്ലാവരും വിജ്ഞാപനം പുറപ്പെടുവിച്ച് ഉദ്യോഗസ്ഥർക്കു പരിശീലനം നൽകുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണെന്ന് മന്ത്രി വ്യക്തമാക്കി. കേരളത്തിലും ബംഗാളിലും എൻ.പി.ആർ നിർത്തിവെച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ അവരും വിജ്ഞാപനം പുറപ്പെടുവിക്കുകയും ഉദ്യോഗസ്ഥർക്കു പരിശീലനം തുടങ്ങുകയും ചെയ്തിരുന്നെന്ന് ജാവഡേക്കർ പറഞ്ഞു.

രേഖയും തെളിവും ബയോമെട്രിക് വിവരങ്ങളും വേണ്ട -മന്ത്രി

ജനസംഖ്യാ രജിസ്റ്ററിനു (എൻ.പി.ആർ.) തെളിവോ രേഖകളോ ബയോമെട്രിക് വിവരങ്ങളോ ആവശ്യമില്ലെന്ന് മന്ത്രി പ്രകാശ് ജാവഡേക്കർ വ്യക്തമാക്കി.

എൻ.പി.ആർ. ഫോമിലെ വിവരങ്ങൾ സ്വയം സാക്ഷ്യപ്പെടുത്തേണ്ടവയാണ്. ആധാർ, പാൻ നമ്പറുകൾ മുതലായവ വേണമെങ്കിൽ നൽകിയാൽ മതി. മാതാപിതാക്കളുടെ ജനനസ്ഥലം, തീയതി തുടങ്ങിയ ചോദ്യങ്ങൾ ഉണ്ടാവുമെങ്കിലും ആ വിവരങ്ങൾ നൽകണമെന്നു നിർബന്ധമില്ല. യു.പി.എ. സർക്കാർ നടത്തിയതുപോലുള്ള എൻ.പി.ആർ.തന്നെയാണ് ഇപ്പോഴും നടക്കുക. പുതിയവിവരങ്ങളൊന്നും ആവശ്യപ്പെടുന്നില്ലെന്നും മന്ത്രി പറഞ്ഞു.

എൻ.ആർ.സി.ക്ക് അടിസ്ഥാനമാക്കുക എൻ.പി.ആർ. ആണെന്ന് മുൻ ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു 2014-ൽ പർലമെന്റിൽ രേഖാമൂലം മറുപടി നൽകിയതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ജാവഡേക്കർ വ്യക്തമായ ഉത്തരം നൽകിയില്ല. 2010-ൽ തുടങ്ങിയ പ്രക്രിയ 2020-ലും 2030-ലും ഓരോ പത്തുവർഷത്തിലും നടക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

എൻ.ആർ.സി.യെ എതിർക്കുന്ന മുഖ്യമന്ത്രിമാർ എൻ.പി.ആർ. നടപ്പാക്കരുത് -സി.പി.എം.

ന്യൂഡൽഹി: ദേശീയ പൗരത്വപ്പട്ടികയ്ക്കെതിരേ (എൻ.ആർ.സി.) രംഗത്തുവന്ന എല്ലാ മുഖ്യമന്ത്രിമാരും ജനസംഖ്യാ രജിസ്റ്ററിനെയും (എൻ.പി.ആർ.) എതിർക്കണമെന്ന് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.

“പൗരത്വപ്പട്ടികയും ജനസംഖ്യാപട്ടികയും ഒന്നുതന്നെ. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ മോദിസർക്കാർ ഇനിയുമെത്ര കള്ളം പറയും. എൻ.പി.ആർ. ആധാരമാക്കിയായിരിക്കും എൻ.ആർ.സി. തയ്യാറാക്കുകയെന്ന് രാജ്യസഭയിൽ 2014-ൽ സർക്കാർ പറഞ്ഞത് ഇപ്പോഴും രേഖകളിലുണ്ടാവും” -യെച്ചൂരി പറഞ്ഞു.

“എൻ.പി.ആറിനായി ശേഖരിക്കുന്ന വിവരങ്ങളായിരിക്കും പൗരത്വപ്പട്ടികയ്ക്കും ഉപയോഗിക്കുക 12 മുഖ്യമന്ത്രിമാർ എൻ.ആർ.സി. നടപ്പാക്കില്ലെന്നു പറഞ്ഞിട്ടുണ്ട്. കേരളവും ബംഗാളും പ്രഖ്യാപിച്ചതുപോലെ എൻ.പി.ആറും തങ്ങളുടെ സംസ്ഥാനത്തു നടപ്പാക്കില്ലെന്ന് മറ്റു മുഖ്യമന്ത്രിമാർ തീരുമാനിക്കണം” -അദ്ദേഹമാവശ്യപ്പെട്ടു.

കേരളവും ബംഗാളും രാഷ്ട്രീയം കളിക്കരുത് -അമിത് ഷാ

സെൻസസിന്റെ ഭാഗമായ എൻ.പി.ആർ. തയ്യാറാക്കുന്നതിൽനിന്നു പിന്മാറരുതെന്ന് കേരളത്തോടും ബംഗാളിനോടും ആഭ്യന്തരമന്ത്രി അമിത് ഷാ അഭ്യർഥിച്ചു.

“യു.പി.എ. സർക്കാർ തുടങ്ങിവെച്ചതാണ് എൻ.പി.ആർ. ഈ സർക്കാർ അത് മുന്നോട്ടുകൊണ്ടുപോകുന്നെന്നേയുള്ളൂ. എൻ.പി.ആറിന്റെ നടപടിക്രമങ്ങൾ നിർത്തിവെക്കാൻ കേരളവും ബംഗാളും തീരുമാനിച്ചിട്ടുണ്ട്. ഇതിൽ രാഷ്ട്രീയം കലർത്തരുത്. ജനങ്ങളുടെ ക്ഷേമത്തിനും ക്ഷേമപ്രവർത്തനങ്ങളുടെ ആസൂത്രണത്തിനുമാണ് എൻ.പി.ആർ. തയ്യാറാക്കുന്നത്. അതിനാൽ ഇരുസംസ്ഥാനങ്ങളോടും ഇക്കാര്യം സംസാരിക്കും. ഇക്കാര്യത്തിൽ രാഷ്ട്രീയം കളിക്കരുതെന്നും അഭ്യർഥിക്കും” -അദ്ദേഹം പറഞ്ഞു.

Content Highlights: cabinet approves national population register npr