ന്യൂഡൽഹി: കേരള നദ്‌വത്തുൽ മുജാഹിദീൻ, അൻജുമാർ ട്രസ്റ്റ്, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ എന്നിവയുൾപ്പെടെ 15 പേർ പൗരത്വനിയമഭേദഗതിയുടെ ഭരണഘടനാസാധുത ചോദ്യം ചെയ്തുനൽകിയ ഹർജിയിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിന്റെ പ്രതികരണം തേടി.

ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ, ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരുൾപ്പെട്ട ബെഞ്ചാണ് വ്യാഴാഴ്ച കേന്ദ്രത്തിനു നോട്ടീസയച്ചത്. പൗരത്വനിയമ ഭേദഗതിക്കെതിരേ ലഭിച്ചിട്ടുള്ള നൂറ്റമ്പതിലേറെ ഹർജികൾക്കൊപ്പം ഈ 15 ഹർജികളും കോടതി ചേർത്തു. ഇവയിൽ മാർച്ചിൽ വാദം കേട്ടേക്കും.

ജനുവരി പത്തിനാണ് അഫ്ഗാനിസ്താൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്ന് 2014 ഡിസംബർ 31 വരെ കുടിയേറിയ മുസ്‌ലിം ഇതര പീഡിത ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്നവിധത്തിൽ കേന്ദ്രസർക്കാർ നിയമം ഭേദഗതിചെയ്തത്. നിയമഭേദഗതി നടപ്പാക്കുന്നത് തടയാതിരുന്ന സുപ്രീംകോടതി അതിന്റെ ഭരണഘടനാ സാധുത പരിശോധിക്കാൻ കഴിഞ്ഞവർഷം ഡിസംബറിൽ തീരുമാനിച്ചിരുന്നു.

നിയമഭേദഗതിക്കെതിരായ ഒരുവിഭാഗം ഹർജികളിൽ ജനുവരി 22-നു വാദംകേട്ട കോടതി, ഇക്കാര്യത്തിൽ മറുപടിനൽകാൻ കേന്ദ്രത്തിന് നാലാഴ്ച സമയം നൽകിയിരുന്നു.

Content Highlights: CAA Supreme court