ന്യൂഡൽഹി: പൗരത്വനിയമഭേദഗതി (സി.എ.എ.) ഏതെങ്കിലും മൗലികാവകാശം ലംഘിക്കുന്നില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി.

ഭരണഘടനയുടെ ധാർമികത ലംഘിക്കുന്ന ഒന്നുംതന്നെ നിയമഭേദഗതിയിലില്ലെന്നും സി.എ.എ. ചോദ്യംചെയ്യുന്ന ഹർജികളിൽ നൽകിയ മറുപടിയിൽ കേന്ദ്രം വ്യക്തമാക്കി. അതേസമയം, സി.എ.എ.ക്കെതിരേ പ്രതിപക്ഷപാർട്ടി നേതാക്കളുൾപ്പെടെ നൽകിയ 140-ലേറെ ഹർജികൾ ഇനിയെപ്പോൾ പരിഗണിക്കുമെന്നതിൽ വ്യക്തതയില്ല. കൊറോണയുടെ സാഹചര്യത്തിൽ അടിയന്തരപ്രാധാന്യമുള്ള കേസുകൾ മാത്രമാണ് സുപ്രീംകോടതി ഇപ്പോൾ പരിഗണിക്കുന്നത്.

പരിമിതമായ ലക്ഷ്യംമാത്രമേ നിയമഭേദഗതിക്കുള്ളൂവെന്ന് ആഭ്യന്തരവകുപ്പ് ഡയറക്ടർ ബി.സി. ജോഷി നൽകിയ 133 പേജ് സത്യവാങ്മൂലത്തിൽ പറഞ്ഞു. അപകടകരമല്ലാത്തതും അനുകമ്പയുള്ളതുമായ നിയമമാണിത്. അയൽപക്കത്തെ മൂന്ന് ഇസ്‌ലാമിക രാജ്യങ്ങളിൽനിന്നുള്ള ആറുമതത്തിൽപ്പെട്ടവർക്ക് വേഗത്തിൽ പൗരത്വംനൽകാൻ ലക്ഷ്യമിടുന്നതാണ് സി.എ.എ. നിയമനിർമാണത്തിനുവേണ്ടി വ്യക്തികളെ ഇത്തരത്തിൽ തരംതിരിക്കാൻ സർക്കാരിന് അധികാരമുണ്ട്.

പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നെത്തിയ ആറുമതക്കാരുടെ പ്രശ്നങ്ങൾ ഇതിനുമുമ്പുള്ള സർക്കാരുകളും അംഗീകരിച്ചതാണ്. എന്നാൽ, അവരാരും അതിന് പരിഹാരമായി നിയമനിർമാണം നടത്തിയില്ല. മതപീഡനവുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാനുള്ളതല്ല സി.എ.എ. മറിച്ച്, പ്രത്യേകപ്രശ്നത്തിനുള്ള പരിഹാരമാണ് ഉദ്ദേശിക്കുന്നത്. അത്തരം നിയമനിർമാണത്തിന്റെ ഭരണഘടനാസാധുത പരിശോധിക്കേണ്ടത് നിയമനിർമാണ സഭയ്ക്കകത്തുതന്നെയാണ്. പൗരത്വം സംബന്ധിച്ച് നിയമമുണ്ടാക്കാനുള്ള പാർലമെന്റിന്റെ അധികാരത്തിലേക്ക് കോടതികൾ കടന്നുകയറരുത്.

ഇന്ത്യൻ പൗരൻമാരുടെ ആരുടെയും അവകാശങ്ങളിലേക്ക് സി.എ.എ. കടന്നുകയറുന്നില്ല. ചില സമുദായങ്ങളിലെ അർഹരായവർക്ക് പൗരത്വത്തിനുള്ള അവകാശം നൽകുകയാണ് സി.എ.എ.യിൽ ചെയ്യുന്നത്. അതേസമയം, സി.എ.എ. വരുന്നതിനുമുമ്പ്‌ പൗരൻമാർക്കുണ്ടായിരുന്ന ഏതെങ്കിലും അവകാശത്തെ അതില്ലാതാക്കുന്നുമില്ലെന്നും കേന്ദ്രം പറഞ്ഞു.

പൗരത്വനിയമഭേദഗതി ചോദ്യംചെയ്തുള്ള ഹർജികൾ പരിശോധിക്കാമെന്ന് കഴിഞ്ഞ ഡിസംബർ 18-നാണ് സുപ്രീംകോടതി തീരുമാനിച്ചത്. അതിൽ മറുപടി നൽകാൻ കേന്ദ്രത്തിന് രണ്ടുതവണ സമയം നീട്ടിനൽകിയിരുന്നു. മുസ്‌ലിംലീഗിന് പുറമേ ഒട്ടുമിക്ക പ്രതിപക്ഷപാർട്ടികളുടെയും നേതാക്കൾ സുപ്രീംകോടതിയിൽ പരാതി നൽകിയിട്ടുണ്ട്. ശബരിമല വിഷയത്തിൽ ഒമ്പതംഗ ബെഞ്ചിന്റെ വാദംകേൾക്കലിനുശേഷമാകും സി.എ.എ. ഹർജികൾ പരിഗണിക്കുക. 

Content Highlights: CAA: Not Fundamental Rights violation- Center on Supreme Court