ന്യൂഡൽഹി: മതത്തിന്റെയടിസ്ഥാനത്തിൽ വിവേചനം പുലർത്തുന്നത് നീതിയുക്തമാണോയെന്നതാണ് തങ്ങളുന്നയിക്കുന്ന പ്രധാന പ്രശ്നമെന്ന് യു.എൻ. മനുഷ്യാവാകാശകമ്മിഷൻ. പൗരത്വനിയമഭേദഗതിക്കെതിരായ ഹർജികളിൽ കക്ഷിചേരാനായി സുപ്രീംകോടതിയിൽ നൽകിയ അപേക്ഷയിലാണ് ഈ വാദമുള്ളത്.

മൂന്നുരാജ്യങ്ങളിൽനിന്ന് മതപീഡനം അനുഭവിച്ചെത്തിയവർക്കു സംരക്ഷണം നൽകാനുള്ള നീക്കത്തെ സ്വാഗതംചെയ്യുന്നു. ഇക്കാര്യത്തിൽ ഇന്ത്യയുടെ ചരിത്രം ലോകത്തിനുതന്നെ മാതൃകയാണ്. എന്നാൽ, മതപീഡനം നേരിട്ടതിന്റെ അടിസ്ഥാനത്തിൽ വിവേചനം കാണിക്കുന്നതു നീതിമത്കരിക്കാനാകുമോയെന്ന ചോദ്യമുണ്ട്- കമ്മിഷൻ അഭിപ്രായപ്പെട്ടു. സുപ്രീംകോടതിയിലുള്ള കേസിലെ കക്ഷികളുടെ വാദങ്ങൾക്കു പിന്തുണ നൽകാനല്ല ഹർജി നൽകുന്നതെന്നും കമ്മിഷൻ വ്യക്തമാക്കി.

പ്രധാനവാദങ്ങൾ

* പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവ ഇസ്‌ലാം രാജ്യങ്ങളാണെന്ന് അവരുടെ ഭരണഘടനകൾ പറയുന്നുവെന്നാണ് ഇന്ത്യ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, അവിടങ്ങളിൽ മുസ്‌ലിം മതത്തിനകത്തുതന്നെ അഹമ്മദീയ, ഹസാര, ഷിയ എന്നീ വിഭാഗങ്ങൾ ന്യൂനപക്ഷങ്ങളാണ്. അവരും സംരക്ഷണമർഹിക്കുന്നവരാണ്.

* കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും അന്താരാഷ്ട്ര മനുഷ്യാവകാശനിയമങ്ങളും പൗരത്വനിയമത്തിൽ വരുന്നതിനാൽ ഹൈക്കമ്മിഷനു താത്പര്യമുള്ള വിഷയമാണ്.

* ഒട്ടേറെ അന്താരാഷ്ട്ര മനുഷ്യാവകാശ ഉടമ്പടികളിൽ ഇന്ത്യ കക്ഷിയാണ്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾ പാലിക്കാനുള്ള രാജ്യത്തിന്റെ ബാധ്യതയെക്കുറിച്ച് കോടതിക്ക് അവബോധം നൽകാനാണ് കക്ഷിചേരുന്നത്.

* രണ്ടുതരം കുടിയേറ്റക്കാർക്കാണ് പൗരത്വനിയമ ഭേദഗതിയുടെ ആനുകൂല്യം ലഭിക്കാതെ പോകുന്നത്. 1. അഫ്ഗാനിസ്താൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നുവന്ന ബുദ്ധ, ക്രിസ്ത്യൻ, ഹിന്ദു, ജെയിൻ, പാഴ്‌സി, സിഖ് മതക്കാരല്ലാത്തവരും മതമില്ലാത്തവരും. 2. മേൽപ്പറഞ്ഞതല്ലാത്ത രാജ്യങ്ങളിൽനിന്നുവന്ന ഏതു മതക്കാരും മതമില്ലാത്തവരും. ഇതിൽ ആദ്യവിഭാഗവുമായി ബന്ധപ്പെട്ടാണ് കേസിൽ കക്ഷിചേരുന്നത്.

Content Highlights: CAA lacks objectivity, not in sync with international covenants: UNHRC to SC