ന്യൂഡല്‍ഹി: ഏതുമതത്തില്‍പ്പെട്ടവരാണെങ്കിലും രാജ്യത്തെ ഒരു പൗരനെയും പൗരത്വനിയമഭേദഗതി ബാധിക്കില്ലെന്ന് പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നിയമം ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങള്‍ക്ക്‌ വിരുദ്ധമല്ല. നിയമത്തിനുനേരെ പ്രതിഷേധിക്കുന്നവര്‍ പാകിസ്താന്റെ ശബ്ദത്തിലാണ്‌ സംസാരിക്കുന്നത്. പ്രതിഷേധിക്കുന്നവരെ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളുംചേര്‍ന്ന്‌ പ്രോത്സാഹിപ്പിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി.

പാകിസ്താനിലുള്ള ന്യൂനപക്ഷങ്ങള്‍ക്ക്‌ സംരക്ഷണംനല്‍കണമെന്ന് ജവാഹര്‍ലാല്‍ നെഹ്രു പറഞ്ഞിട്ടുണ്ടെന്നും അതിനാല്‍ നെഹ്രു വര്‍ഗീയവാദിയാണോയെന്നും മോദി ചോദിച്ചു.

രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തിനുള്ള നന്ദിപ്രമേയചര്‍ച്ചയ്ക്ക്‌ മറുപടി പറയുമ്പോഴാണ് ദേശീയ പൗരത്വനിയമ ഭേദഗതിയെക്കുറിച്ച് പ്രധാനമന്ത്രി നിലപാടാവര്‍ത്തിച്ചത്. മറുപടിക്കുശേഷം നന്ദിപ്രമേയം പാർലമെന്റ് പാസാക്കി.

പൗരത്വനിയമഭേദഗതിയെക്കുറിച്ച് ആദ്യമായാണ് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി പ്രതികരിക്കുന്നത്. രണ്ടുമണിക്കൂര്‍നീണ്ട മറുപടിയില്‍ മുത്തലാഖ് നിയമം, ജമ്മുകശ്മീരിലെ നടപടികള്‍, അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം എന്നിവ സര്‍ക്കാരിന്റെ നേട്ടങ്ങളായി അവതരിപ്പിച്ചു.

പ്രതിപക്ഷം രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. സര്‍ക്കാര്‍ രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കുന്നുവെന്നാണ് ആരോപണം. ഇത് പാകിസ്താന്റെ സ്വരമാണ്. ഇന്ത്യയിലെ മുസ്‌ലിങ്ങളെ രക്ഷിക്കാന്‍ തങ്ങള്‍ എന്തുംചെയ്യുമെന്നാണ് പാകിസ്താന്‍ പറയുന്നത്. പാകിസ്താന്റെ ഗൂഢശ്രമങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു. ‘‌ടുക്‌ഡെ ടുക്‌ഡെ’ സംഘത്തിനൊപ്പംനിന്ന് ഫോട്ടോയെടുക്കുന്നവരാണ് വിഭജനം എന്ന ആരോപണം ഉന്നയിക്കുന്നത്.

രാജ്യത്തെ ജനങ്ങള്‍ അധികാരത്തില്‍നിന്ന് തൂത്തെറിഞ്ഞവര്‍ അചിന്ത്യമായ കാര്യങ്ങളാണ് ഇപ്പോള്‍ ചെയ്യുന്നതെന്ന് മോദി ആരോപിച്ചു. മതത്തിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് ജനങ്ങളെ കാണുന്നത്. അവര്‍ക്ക്‌ ജനങ്ങളെ വിഭജിക്കണം. എല്ലാവരെയും ഇന്ത്യക്കാര്‍ എന്നനിലയിലാണ് ഞങ്ങള്‍ വീക്ഷിക്കുന്നത്. ഇന്ത്യയെ ഇന്ത്യയുടെ വീക്ഷണത്തില്‍ കാണാന്‍ തുടങ്ങിയാല്‍ കോണ്‍ഗ്രസിന് തങ്ങളുടെ തെറ്റുകള്‍ തിരിച്ചറിയാന്‍ കഴിയും.

രാജ്യം കെട്ടിപ്പടുത്ത നേതാക്കളുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ചാണ് സര്‍ക്കാര്‍ തീരുമാനങ്ങളെടുക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 1955 നവംബര്‍ അഞ്ചിന്‌ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍, പാകിസ്താനിലെ ന്യൂനപക്ഷങ്ങള്‍ക്ക്‌ സംരക്ഷണം നല്‍കണമെന്ന് നെഹ്രു പറഞ്ഞിട്ടുണ്ട്. അങ്ങനെയെങ്കില്‍ നെഹ്രു വര്‍ഗീയവാദിയാണോ? വിഭജനവാദിയാണോ? ഹിന്ദുരാഷ്ട്രം ഉണ്ടാക്കുകയായിരുന്നോ അദ്ദേഹത്തിന്റെ ലക്ഷ്യം? കോണ്‍ഗ്രസ് വിശദീകരിക്കണം.

ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന് ഇപ്പോള്‍ പറയുന്നവര്‍, 1984-ലെ സിഖ് കൂട്ടക്കൊലയില്‍ എന്താണ്‌ ചെയ്തതെന്ന്‌ വിശദീകരിക്കണം. സിഖുകാരെ ജീവനോടെ കത്തിച്ചുകളഞ്ഞില്ലേ? കുറ്റക്കാരായവര്‍ക്കെതിരേ നടപടി എടുത്തില്ല. ആരോപിതര്‍ക്ക് മുഖ്യമന്ത്രിപദംവരെ നല്‍കിയെന്നും മോദി ആരോപിച്ചു.

Content Highlights: CAA doesn't take away Muslims' citizenship, says PM Modi