ബെംഗളൂരു: കർണാടകത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അയോഗ്യരാക്കപ്പെട്ട കോൺഗ്രസ്, ജെ.ഡി.എസ്. മുൻ എം.എൽ.എ.മാർ ആശങ്കയിൽ. പത്തുദിവസത്തിനകം സുപ്രീംകോടതിയിൽനിന്ന് അനുകൂലവിധിയുണ്ടായില്ലെങ്കിൽ ഇവരുടെ ഭാവി അനിശ്ചിതത്വത്തിലാകും.

ഉപതിരഞ്ഞെടുപ്പ് കണക്കിലെടുത്ത്, അയോഗ്യരാക്കിയ നടപടി ‘സ്റ്റേ’ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ഇതോടൊപ്പം സ്പീക്കറുടെ നടപടിക്കെതിരേ നേരത്തേ നൽകിയ ഹർജിയും കോടതിയുടെ പരിഗണനയിൽവരും. ഹർജി തീർപ്പാക്കുംവരെ ഉപതിരഞ്ഞെടുപ്പ് മാറ്റിവെക്കാൻ തിരഞ്ഞെടുപ്പുകമ്മിഷനെ സമീപിക്കാനും തീരുമാനമുണ്ട്.

മത്സരിക്കാൻ കോടതിയിൽനിന്ന് അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വിമതർ. ഹർജി പരിഗണിക്കുമ്പോൾ തങ്ങളുടെ വാദംകൂടി കണക്കിലെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസും സുപ്രീംകോടതിയെ സമീപിക്കും.

ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ ഇത്രവേഗത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് ബി.ജെ.പി. പ്രതീക്ഷിച്ചിരുന്നില്ല. പ്രഖ്യാപനം വന്നതോടെ ബി.ജെ.പി.യും ആശയക്കുഴപ്പത്തിലാണ്. അയോഗ്യരാക്കപ്പെട്ട നേതാക്കൾ അമർഷം പ്രകടിപ്പിച്ചതിനുപിന്നാലെ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ഡൽഹിയിലെത്തി പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.

ഹർജിയിൽ തീരുമാനമാകുന്നതുവരെ സ്ഥാനാർഥികളെ തീരുമാനിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ബി.ജെ.പി. വിമതർ നിർദേശിക്കുന്നവരെ സ്ഥാനാർഥിയാക്കാനും അവർ നിർബന്ധിതരാകും. അങ്ങനെ വേണ്ടിവന്നാൽ പാർട്ടിക്കുള്ളിൽ പ്രതിഷേധമുയരും. കോടതിവിധിക്കുശേഷം സ്ഥാനാർഥികളുടെ കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് മന്ത്രിയും മുതിർന്ന ബി.ജെ.പി. നേതാവുമായ ജഗദീഷ് ഷെട്ടാർ പറഞ്ഞു.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 15 സീറ്റുകളിൽ ഏഴെണ്ണത്തിൽ വിജയിക്കാനായില്ലെങ്കിൽ സർക്കാർ പ്രതിസന്ധിയിലാകും. സർക്കാരിനെ നിലനിർത്താൻ യെദ്യൂരപ്പ ബുദ്ധിമുട്ടുകയാണെന്ന് മുതിർന്ന ബി.ജെ.പി. നേതാവ് ഗണേശ് കാർണിക് അഭിപ്രായപ്പെട്ടു.

അനുകൂലവിധിയുണ്ടായില്ലെങ്കിൽ മക്കളെ സ്ഥാനാർഥിയാക്കാനാണ് വിമതനേതാക്കളായ എച്ച്. വിശ്വനാഥും എം.ടി.ബി. നാഗരാജും ആഗ്രഹിക്കുന്നത്. വിമതപക്ഷത്തുള്ള ബി.സി. പാട്ടീൽ, രമേശ് ജാർക്കിഹോളി, മഹേഷ് കുമത്തല്ലി എന്നിവരും ബന്ധുക്കളുടെ പേരാണ് മുന്നോട്ടുവെച്ചത്. സ്ഥാനാർഥികളെ നേരത്തേ തീരുമാനിച്ച് പ്രചാരണത്തിനിറങ്ങാനാണ് കോൺഗ്രസിന്റെയും ജെ.ഡി.എസിന്റെയും തീരുമാനം.

content highlights: Bypoll in karnataka