ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ ഒഴിവുള്ള മൂന്ന് നിയമസഭാ സീറ്റുകളിലേക്കുകൂടി ഉപതിരഞ്ഞെടുപ്പ് നടത്താൻ തയ്യാറാണെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സത്യപ്രകാശ് അറിയിച്ചു. ഒറ്റപിടാരം, തിരുപ്പുറൻകുണ്ട്രം, സൂലൂർ എന്നീ നിയമസഭാ മണ്ഡലങ്ങളിൽ ഒഴിവുവന്നതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോയമ്പത്തൂർ ജില്ലയിലെ സൂലൂരിൽ എം.എൽ.എ.യായിരുന്ന കനകരാജിന്റെ മരണത്തെതുടർന്നാണ് ഒഴിവുവന്നത്. തിരുപ്പുറൻകുണ്ട്രത്ത് എ.കെ. ബോസിന്റെ തിരഞ്ഞെടുപ്പ് ഫലം അസാധുവാക്കി മദ്രാസ് ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിറക്കിയിരുന്നു. ഒറ്റപ്പിടാരം നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കേസ് പുതിയ തമിഴകംകക്ഷി നേതാവ് കൃഷ്ണസ്വാമി പിൻവലിച്ചതോടെ തിരഞ്ഞെടുപ്പിനുള്ള വഴി തെളിയുകയായിരുന്നു.

2016-ൽ ഡി.എം.കെ. സഖ്യത്തിൽ മത്സരിച്ച കൃഷ്ണസ്വാമി 493 വോട്ടിനാണ് ഒറ്റപ്പിടാരത്ത് എ.ഐ.എ.ഡി.എം.കെ.യുടെ ആർ. സുന്ദർരാജനോട് പരാജയപ്പെട്ടത്. മണൽ ക്വാറി സംബന്ധിച്ച ഇടപാട് മറച്ചുവെച്ചെന്ന് ചൂണ്ടിക്കാണിച്ച് സുന്ദർരാജിന്റെ സ്ഥാനാർഥിത്വത്തിനെതിരേ കൃഷ്ണസ്വാമി ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. ഇതിനിടെ എ.ഐ.എ.ഡി.എം.കെ. പിളർന്നപ്പോൾ ദിനകരൻപക്ഷത്ത് നിലയുറപ്പിച്ച സുന്ദർരാജൻ അടക്കമുള്ള 18 എം.എൽ.എ. മാർക്ക് അയോഗ്യത കൽപ്പിച്ചിരുന്നു. തുടർന്ന് ഒന്നരവർഷത്തിനുശേഷം കൃഷ്ണസ്വാമി കേസ് പിൻവലിക്കുകയായിരുന്നു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ലഭിച്ചാൽ തിരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോകുമെന്നും സത്യപ്രകാശ് പറഞ്ഞു.

Content Highlights: Byelection For Three Seats in Tamilnadu