ന്യൂഡല്‍ഹി: രാജ്യത്ത് നാലു ലോക്‌സഭാ മണ്ഡലങ്ങളിലേക്കും 10 നിയമസഭാ മണ്ഡലങ്ങളിലേക്കുമായി തിങ്കളാഴ്ച നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ശനിയാഴ്ച അവസാനിച്ചു. മഹാരാഷ്ട്രയിലെ ഭണ്ഡാര -ഗോണ്ടിയ, ഫാല്‍ഗഢ്, ഉത്തര്‍പ്രദേശിലെ കൈറാന, നാഗാലാന്‍ഡിലെ നാഗാലാന്‍ഡ് എന്നീ ലോക്‌സഭാ മണ്ഡലങ്ങളിലും ചെങ്ങന്നൂരുള്‍പ്പെടെ പത്തു നിയമസഭാ മണ്ഡലങ്ങളിലുമാണ് ഉപതിരഞ്ഞെടുപ്പ്.

ബി.ജെ.പി.യെ അട്ടിമറിക്കുന്നതിനു പ്രതിപക്ഷകക്ഷികള്‍ ഒന്നടങ്കം കൈകോര്‍ത്തിരിക്കുന്ന കൈറാനയിലേക്കാണ് രാജ്യം ഉറ്റുനോക്കുന്നത്. കൈറാനയ്ക്കു പുറമേ ഉത്തര്‍പ്രദേശില്‍ നൂര്‍പുര്‍ നിയമസഭാ മണ്ഡലത്തിലും തിരഞ്ഞെടുപ്പു നടക്കുന്നുണ്ട്. അടുത്തവര്‍ഷം പൊതുതിരഞ്ഞെടുപ്പു നടക്കാനിരിക്കേ സഖ്യം ഫലപ്രദമാണെന്നു തെളിയിക്കാന്‍ പ്രതിപക്ഷകക്ഷികളും കാല്‍വഴുതാതിരിക്കാന്‍ ബി.ജെ.പി.യും കിണഞ്ഞുപരിശ്രമിക്കുകയാണ്.

പ്രതിപക്ഷസഖ്യ സ്ഥാനാര്‍ഥിയായ രാഷ്ട്രീയ ലോക്ദളിന്റെ (ആര്‍.എല്‍.ഡി.) തബസും ഹസനുവേണ്ടി സംസ്ഥാനത്തെ പ്രതിപക്ഷകക്ഷിയായ സമാജ്വാദി പാര്‍ട്ടിയുടെ ദേശീയാധ്യക്ഷന്‍ അഖിലേഷ് യാദവ് നേരിട്ടു പ്രചാരണത്തിനിറങ്ങിയില്ലെന്നത് ശ്രദ്ധേയമാണ്. എന്നാല്‍, അസംഖാനടക്കമുള്ള എസ്.പി. നേതാക്കള്‍ പ്രചാരണത്തിനെത്തി. ആര്‍.എല്‍.ഡി. അധ്യക്ഷന്‍ അജിത് സിങ്, മകന്‍ ജയന്ത് ചൗധരി എന്നിവരാണ് തബസുമിന്റെ പ്രചാരണം നയിച്ചത്. ബി.എസ്.പി. അധ്യക്ഷ മായാവതിയുടെ അഭാവവും പ്രകടമായിരുന്നു. ബി.ജെ.പി.യുടെ പ്രചാരണം നയിച്ചത് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ്.

ബി.ജെ.പി.യുടെ സിറ്റിങ് സീറ്റുകളാണ് ഉപതിരഞ്ഞെടുപ്പു നടക്കുന്ന നാലു ലോക്‌സഭാ മണ്ഡലങ്ങളും. ഗോരഖ്പുര്‍, ഫൂല്‍പുര്‍ ലോക്‌സഭാ മണ്ഡലങ്ങളിലെ തോല്‍വിയോടെ ബി.ജെ.പി.ക്ക് കൈറാനയില്‍ വിജയം അനിവാര്യമാണ്. സിറ്റിങ് എം.പി.യായിരുന്നു ഹുകും സിങ്ങിന്റെ മരണത്തെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്. ഹുകുമിന്റെ മകള്‍ മൃഗാംഗ സിങ്ങാണ് ബി.ജെ.പി. സ്ഥാനാര്‍ഥി.

ഭണ്ഡാര-ഗോണ്ടിയയില്‍ എന്‍.സി.പി. സ്ഥാനാര്‍ഥിക്ക് മറ്റു പ്രതിപക്ഷകക്ഷികളുടെ പിന്തുണയുണ്ട്. ഫാല്‍ഗഢ് മണ്ഡലത്തില്‍ എന്‍.ഡി.എ. സഖ്യത്തിലുള്ള ശിവസേനയാണ് ബി.ജെ.പി.ക്ക് ഭീഷണി. ബി.ജെ.പി.യുടെ സഖ്യകക്ഷിയായ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (എന്‍.ഡി.പി.പി.) എം.പി. നെയ്ഫ്യു റിയോ മുഖ്യമന്ത്രിയായ സാഹചര്യത്തിലാണ് നാഗാലാന്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്താകെ ഒരേയൊരു ലോക്‌സഭാ മണ്ഡലമാണുള്ളത്.