ജയ്പുര്‍: ലോക്‌സഭാ മണ്ഡലങ്ങളായ അജ്‌മേര്‍, അല്‍വര്‍ നിയമസഭാ മണ്ഡലമായ മണ്ഡല്‍ഗഢ് എന്നിവിടങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കും. വോട്ടിങ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ഥികളുടെ ഫോട്ടോപതിച്ച് നടത്തുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്.

മുപ്പത്തിയെട്ടുലക്ഷം വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. രാവിലെ എട്ടുമുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ഫെബ്രുവരി ഒന്നിന് വോട്ടെണ്ണും.

അജ്‌മേറില്‍ ബി.ജെ.പി.യുടെ രാംസ്വരൂപ് ലാംബയും കോണ്‍ഗ്രസിലെ രഘുശര്‍മയുമാണ് മത്സരിക്കുന്നത്. അല്‍വറില്‍ ഏറ്റുമുട്ടുന്നത് ബി.ജെ.പി.യുടെ ജസ്വന്ത് സിങ് യാദവും കരണ്‍സിങ് യാദവുമാണ്.

അജ്‌മേര്‍ എം.പി. സന്‍വാര്‍ ലാല്‍ ജാട്ട്, അല്‍വര്‍ എം.പി. ചന്ദ് നാഥ്, മണ്ഡല്‍ഗഢ് എം.എല്‍.എ. കീര്‍ത്തികുമാരി (മൂവരും ബി.ജെ.പി.) എന്നിവരുടെ മരണത്തെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.