ലഖ്നൗ: ഇൻസ്പെക്ടറടക്കം രണ്ടുപേരുടെ മരണത്തിനിടയാക്കിയ ബുലന്ദ്ശഹർ കലാപത്തിലെ മുഖ്യപ്രതിയും ബജ്രംഗ്‌ദൾ നേതാവുമായ യോഗേഷ് രാജ് അറസ്റ്റിൽ. കലാപമുണ്ടാക്കിയതിനും കൊലക്കുറ്റത്തിനുമാണ് ഇയാളുടെപേരിൽ കേസെടുത്തിരിക്കുന്നത്.

ബജ്രംഗ്‌ദളിന്റെ ബുലന്ദ്‌ശഹർ ജില്ലാ കോ-ഓർഡിനേറ്ററാണ്‌ യോഗേഷ്. താൻ നിരപരാധിയാണെന്നു വാദിക്കുന്ന ഇയാളുടെ വീഡിയോദൃശ്യം ബുധനാഴ്ച പുറത്തുവിട്ടിരുന്നു. സംഭവസമയം താൻ ഗോവധത്തെക്കുറിച്ചു പരാതിനൽകാനായി പോലീസ് സ്റ്റേഷനിലായിരുന്നെന്നാണ്‌ യോഗേഷ് വീഡിയോദൃശ്യത്തിൽ പറയുന്നത്. യോഗേഷ് നിരപരാധിയാണെന്നും പോലീസുമായി സഹകരിക്കുമെന്നും ബജ്രംഗ്‌ദളിന്റെ കിഴക്കൻ യു.പി. മേഖലയുടെ കോ-കൺവീനർ പ്രവീൺ ഭാട്ടി പറഞ്ഞു.

അതിനിടെ, കലാപത്തിനുകാരണമായ മഹാവ് ഗ്രാമത്തിലെ വനമേഖലയിൽനിന്നു കണ്ടെത്തിയ പശുക്കളുടെ അവശിഷ്ടങ്ങൾക്ക്‌ രണ്ടുദിവസത്തെ പഴക്കമുണ്ടെന്നു കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ഈ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനെത്തുടർന്നാണു ബജ്രംഗ്‌ദൾ അടക്കമുള്ള സംഘടനകളും നാട്ടുകാരും പ്രദേശത്ത് അക്രമം നടത്തിയത്. അക്രമത്തിനിടെ ഇൻസ്പെക്ടർ സുബോധ് കുമാർ സിങ്, നാട്ടുകാരനായ വിദ്യാർഥി സുമിത് കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്.

കോളേജിനും റോഡിനും കൊല്ലപ്പെട്ട ഇൻസ്പെക്ടറുടെ പേര്

: കൊല്ലപ്പെട്ട ഇൻസ്പെക്ടർ സുബോധ് കുമാറിനോടുള്ള ആദരസൂചകമായി എട്ടയിലെ ജയ്‌താരി-കുറോലി റോഡിന്റെ പേര് സുബോധ് കുമാർ സിങ് ശഹീദ് മാർഗ് എന്നാക്കാൻ സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്തെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും അദ്ദേഹത്തിന്റെ പേരിടുമെന്ന് മന്ത്രി അതുൽ ഗാർഗ് അറിയിച്ചു.

വ്യാഴാഴ്ച സുബോധ് കുമാറിന്റെ കുടുംബാംഗങ്ങൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ‍ഡി.ജി.പി. ഒ.പി. സിങ്ങിനെയും സന്ദർശിച്ചു. സുബോധിന്റെ കുടുംബത്തിന് അമ്പതുലക്ഷം രൂപയുടെ സഹായധനം സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതിനുപുറമേ കുട്ടികളുടെ പഠനത്തിനും മറ്റാവശ്യങ്ങൾക്കുമായി കുടുംബമെടുത്ത 20-25 ലക്ഷം രൂപയുടെ വായ്പയും രണ്ടു മക്കളുടെ പഠനച്ചെലവും സർക്കാർ ഏറ്റെടുക്കും. ഭാര്യയ്ക്ക് പ്രത്യേക പെൻഷൻ നൽകുമെന്നും അധികൃതർ യോഗത്തിനുശേഷം അറിയിച്ചു.