തൃശ്ശൂർ: നിലനിൽപ്പിനു പ്രയാസപ്പെടുന്ന ബി.എസ്.എൻ.എലിന് കേന്ദ്ര ബജറ്റിൽ പ്രഖ്യാപനം ഒന്നുമുണ്ടായില്ല. എന്നാൽ, ഓഹരി വിറ്റഴിക്കലിൽ ബി.എസ്.എൻ.എൽ.പെടാനുള്ള സാധ്യതയില്ലെന്നാണു വിലയിരുത്തൽ. ബജറ്റ് പ്രസംഗത്തിൽ നയപരമായ കാര്യങ്ങൾ വിശദീകരിക്കുന്ന ഭാഗത്താണ് ഇതിന്റെ സൂചനയുള്ളത്. തന്ത്രപരമായതും അല്ലാത്തതുമായ മേഖലകളിൽ ഭാവിയിൽ എടുക്കുന്ന നയങ്ങളാണ് ഇവിടെ വിശദീകരിക്കുന്നത്.

തന്ത്രപരമായ മേഖലകളിലാണ് വാർത്താവിനിമയത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. ആണവോർജം, സ്പേസ്, പ്രതിരോധം, ഗതാഗതം, ഊർജം, പെട്രോളിയം, കൽക്കരി, ബാങ്കിങ്, ഇൻഷുറൻസ്, ധനകാര്യ സേവനങ്ങൾ എന്നിവയാണ് ഇതിലുള്ള മറ്റുള്ളവ. ഇവയിൽ ചിലതിനെ പൊതുമേഖലയിൽത്തന്നെ നിലനിർത്തും. അതിന്റെ എണ്ണം വളരെ കുറവായിരിക്കും.

ഏതൊക്കെയായിരിക്കും ഇതിലുള്ളതെന്ന് ബജറ്റിൽ വ്യക്തമാക്കിയിട്ടില്ല. എന്നാൽ, ബി.എസ്.എൻ.എൽ. സ്വകാര്യവത്കരിക്കില്ല എന്ന സർക്കാരിന്റെ മുൻ നിലപാടുമായി ചേർത്തുവായിക്കുമ്പോൾ സർക്കാർ ഉടമസ്ഥതയിൽ നിലനിർത്തുന്നവയിൽ ഈ കമ്പനിയും ഉൾപ്പെടാനാണു സാധ്യത.

എന്നാൽ, സർക്കാർ പൂർണ ഉടമസ്ഥതയിൽനിന്നു പിൻമാറുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച് മൂന്നു സാധ്യതകളാണ് ബജറ്റിൽ പറയുന്നത്. സ്വകാര്യവത്കരണം, മറ്റു കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായി ലയിപ്പിക്കൽ, അടയ്ക്കൽ എന്നിവയാണവ.

ബി.എസ്.എൻ.എലിന്റെ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചപ്പോഴും അതിനുശേഷവും ധനമന്ത്രിയും ടെലികോം മന്ത്രിയും ബി.എസ്.എൻ.എലിന്റെ സ്വകാര്യവത്കരണം ഉണ്ടാവില്ല എന്നു പറഞ്ഞിരുന്നു. അതിനാലാണ് സ്വകാര്യവത്കരണത്തിൽനിന്ന് ബി.എസ്.എൻ.എൽ. ഒഴിവാകുമെന്നതിന് അടിസ്ഥാനമാവുന്നത്.

കഴിഞ്ഞ ബജറ്റിൽ ബി.എസ്.എൻ.എലിന് 4ജി സേവനത്തിന് പണം സർക്കാർ വകയിരുത്തിയിരുന്നതാണ്. എന്നാൽ, ഇതുവരെ അത് നടപ്പായിട്ടില്ല. ഉപകരണങ്ങൾ സ്ഥാപിക്കാനുള്ള ടെൻഡർ റദ്ദായതിൽത്തട്ടിയാണ് അത് മുടങ്ങിക്കിടക്കുന്നത്. കമ്പനിയുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനുള്ള നടപടികൾ ബജറ്റിൽ ഉണ്ടായിട്ടുമില്ല.

Content Highlights: BSNL, Union Budget 2021