ന്യൂഡൽഹി: ഇന്ത്യൻ നിർമിത നെറ്റ്‍വർക്കുമായി ബി.എസ്.എൻ.എലും (ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്) 4 ജിയിലേക്ക്. ടെലികോം മന്ത്രി അശ്വനി വൈഷ്ണവ് ഇന്ത്യൻ 4ജി നെറ്റ്‍വർക്കുപയോഗിച്ച് ആദ്യഫോൺവിളി നടത്തിയതായി മന്ത്രാലയം അറിയിച്ചു.

ടെലികോം സെക്രട്ടറി കെ. രാജരാമൻ ചണ്ഡീഗഡിൽ നിന്ന് മന്ത്രിയെ ഫോണിൽ വിളിച്ച് സംസാരിക്കുകയായിരുന്നു. ടാറ്റ കൺസൾട്ടൻസിയുമായി ചേർന്ന് ബി.എസ്.എൻ.എൽ. 4ജിയുടെ പരിശോധന ചണ്ഡീഗഡിലാണ് നടക്കുന്നത്.

ബി.എസ്.എൻ.എലിന്റെ ഇന്ത്യൻ 4 ജി ശൃംഖല യാഥാർഥ്യമാവുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആത്മനിർഭർ ഭാരത് പദ്ധതി രൂപപ്പെടുത്തലിന്റെ ഭാഗമായാണിതെന്നും അശ്വനി വൈഷ്ണവ് ട്വീറ്റ് ചെയ്തു.

വലിയ സാമ്പത്തികബാധ്യത നേരിടുന്ന ബി.എസ്.എൻ.എൽ. ഇന്ത്യയിലുടനീളം ആഭ്യന്തര 4ജി ശൃംഖല വിന്യസിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുകയാണ്. ഇക്കൊല്ലം അവസാനത്തോടെ എല്ലാ ഉപയോക്താക്കളിലേക്കും സേവനമെത്തിക്കുകയാണ് ലക്ഷ്യം.