മുഗൾസാരയ്: പശ്ചിമ ബംഗാളിൽനിന്നു ജമ്മുവിലേക്കു പ്രത്യേക തീവണ്ടിയിൽ പോവുകയായിരുന്ന 83-ാം ബംഗാൾ ബറ്റാലിയനിലെ 10 ബി.എസ്.എഫ്. ജവാൻമാരെ കാണാതായി. വർധമാനും ജാർഖണ്ഡിലെ ധൻ‍ബാദിനുമിടയ്ക്കുവെച്ചാണ് ഇവർ അപ്രത്യക്ഷരായതെന്ന് സബ് ഇൻസ്പെക്ടറായ ജിതേന്ദ്ര കുമാർ യാദവ് പറഞ്ഞു.

83 ജവാൻമാരാണ് തീവണ്ടിയിലുണ്ടായിരുന്നത്. വണ്ടി വർധമാൻ‍ സ്റ്റേഷനിലും ധൻ‍ബാദ് സ്റ്റേഷനിലും നിർത്തിയിരുന്നു. ദീന ദയാൽ ഉപാധ്യായ സ്റ്റേഷനിൽവെച്ചു ജവാൻമാരുടെ എണ്ണമെടുത്തപ്പോഴാണ് പത്തുപേരുടെ കുറവുകണ്ടത്.

കമാൻഡർ റെയിൽവേ പോലീസിൽ പരാതി നൽകി. ജവാൻമാർ അനുമതിയില്ലാതെ അവധിയെടുത്തുവെന്നു കമാൻഡർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

2017 ഫെബ്രുവരിയിൽ സി.ആർ.പി.എഫിലെ 59 ഉദ്യോഗസ്ഥർ ഇത്തരത്തിൽ മേലധികരികളുടെ അനുവാദമില്ലാതെ വീടുകളിൽ പോയിരുന്നു.