ഷില്ലോങ്: ബംഗ്ലാദേശിലെ സില്‍ഹേതില്‍ ഇരട്ടസ്‌ഫോടനമുണ്ടായ പശ്ചാത്തലത്തില്‍ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ബി.എസ്.എഫ്. അതിജാഗ്രതയില്‍.

മേഘാലയ പോലീസിനും ജാഗ്രതാനിര്‍ദേശം കൈമാറിയിട്ടുണ്ടെന്ന് ബി.എസ്.എഫ്. ഇന്‍സ്‌പെക്ടര്‍ ജനറല്‍ പി.കെ. ദുബെ പറഞ്ഞു. ഇന്ത്യയിലേക്ക് ഭീകരര്‍ കടക്കുന്നത് തടയാനുള്ള എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുള്ളതായി ദുബെ പറഞ്ഞു.
 
സംസ്ഥാന പോലീസുമായി ചേര്‍ന്ന് അതിര്‍ത്തിയില്‍ റോന്തുചുറ്റല്‍ ശക്തമാക്കും. ത്രിപുര, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലായി 1,880 കിലോമീറ്റര്‍ ഇന്ത്യ ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്.

ശനിയാഴ്ചയാണ് സില്‍ഹേതില്‍ ഇരട്ടസ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ രണ്ടു പോലീസുകാരുള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു.