ബെംഗളൂരു: വ്യാജ വിസയില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ വിദേശത്തേക്ക് കടക്കുന്നത് തടയാന്‍ ബെംഗളൂരു പോലീസിന് ബ്രിട്ടീഷ് സര്‍ക്കാറിന്റെ ജാഗ്രതാ നിര്‍ദേശം. വ്യാജ എമിഗ്രേഷന്‍ സ്റ്റാമ്പ് പതിച്ച പാസ്‌പോര്‍ട്ട് കാണിച്ച് ചിലര്‍ ബ്രിട്ടനിലേക്ക് കടക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണിത്. ബ്രിട്ടീഷ് വിദേശകാര്യ വകുപ്പ് ചെന്നൈയിലെ ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ വഴിയാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.

ബെംഗളൂരുവില്‍നിന്ന് ഇത്തരത്തില്‍ ബ്രിട്ടനിലേക്ക് കടക്കാന്‍ ശ്രമിച്ച എട്ടുപേരെക്കുറിച്ചും വ്യാജ എമിഗ്രേഷന്‍ സ്റ്റാമ്പ് പതിച്ചുനല്‍കിയ മൂന്ന് ഏജന്റുമാരെക്കുറിച്ചും ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ വിവരം കൈമാറിയതിന്റെ അടിസ്ഥാനത്തില്‍ സിറ്റി ക്രൈം ബ്രാഞ്ച്(സി.സി.ബി.) പ്രാഥമിക അന്വേഷണം നടത്തി.

ബെംഗളൂരു കേന്ദ്രീകരിച്ച് വന്‍ വിസ തട്ടിപ്പുസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഈ സംഭവങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് സി.സി.ബി. വൃത്തങ്ങള്‍ പറഞ്ഞു.