ന്യൂഡല്‍ഹി: ലൈംഗികമായ താത്പര്യത്തോടെ സേവനങ്ങള്‍ ആവശ്യപ്പെടുന്നതും കൈക്കൂലിയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ശിക്ഷാര്‍ഹമാക്കുന്നതിനുള്ള ശുപാര്‍ശയ്ക്ക് പാര്‍ലമെന്ററി സമിതിയുടെ അംഗീകാരം.
ഇത് സംബന്ധിച്ച നിയമകമ്മിഷന്റെ ശുപാര്‍ശ, അഴിമതിനിരോധന ഭേദഗതി ബില്‍ പരിഗണിക്കുന്ന രാജ്യസഭാ സെലക്ട് സമിതി റിപ്പോര്‍ട്ടില്‍ ശരിവെച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരും പൊതു പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് നിയമപരമായ പ്രതിഫലമല്ലാതെ മറ്റേതുതരത്തിലുള്ള ആനുകൂല്യങ്ങളും കുറ്റകരമാക്കുന്നതിനുള്ള ബില്ലാണ് പരിഗണിക്കപ്പെടുന്നത്. കുറ്റകരമായ മറ്റാനുകൂല്യങ്ങളുടെ പട്ടികയില്‍ ലൈംഗികമായ ആവശ്യങ്ങള്‍ ഉന്നയിക്കുന്നതും ഉള്‍പ്പെടുത്താനുള്ള ശുപാര്‍ശ സമിതി റിപ്പോര്‍ട്ടില്‍ ശരിവെച്ചു.
സ്വകാര്യമേഖലയിലെ അഴിമതിയും ക്രിമിനല്‍ കുറ്റമാക്കാന്‍ ആദ്യമായി പാര്‍ലമെന്ററി സമിതി ശുപാര്‍ശ ചെയ്തു. കോര്‍പ്പറേറ്റുകളെയും കോര്‍പ്പറേറ്റ് എക്സിക്യുട്ടീവുകളെയും പുതിയ അഴിമതിവിരുദ്ധ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരും. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഏഴുവര്‍ഷം വരെ തടവും പിഴയുമാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്.
1988-ലെ അഴിമതി തടയല്‍ നിരോധനനിയമത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നതിനും സ്വകാര്യ മേഖലയിലെ കൈക്കൂലി കൂടി അഴിമതിയുടെ പരിധിയില്‍ കൊണ്ടുവരുന്നതിനുമായാണ് 2013-ലെ അഴിമതിനിരോധന ഭേദഗതിബില്‍ കൊണ്ടുവന്നിട്ടുള്ളത്. ഇതില്‍ പറഞ്ഞിട്ടുള്ള സാമ്പത്തികവും മറ്റുതരത്തിലുള്ളതുമായ ആനുകൂല്യങ്ങള്‍ എന്നതിനുപകരം അനര്‍ഹമായ ആനുകൂല്യങ്ങള്‍ എന്നാക്കി മാറ്റാന്‍ സര്‍ക്കാര്‍ ഔദ്യോഗിക ഭേദഗതികള്‍ കൊണ്ടുവന്നിരുന്നു. രാജ്യസഭയുടെ സെലക്ട് സമിതി ഇത് പരിശോധിച്ച് തങ്ങളുടെ റിപ്പോര്‍ട്ട് അടുത്തകാലത്ത് നല്‍കിയിരുന്നു.
അനര്‍ഹമായ ആനുകൂല്യങ്ങള്‍ എന്ന വ്യവസ്ഥ വലിയതോതില്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് സമിതി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അഴിമതിക്കേസുകളില്‍ ഉദ്യോഗസ്ഥരെയും പൗരന്മാരെയും അനാവശ്യമായി ബുദ്ധിമുട്ടിക്കാന്‍ അന്വേഷണ എജന്‍സികള്‍ ഇത് ആയുധമാക്കുമെന്നും അതിനാല്‍ ഇക്കാര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ വേണമെന്നും സമിതി അഭിപ്രായപ്പെട്ടു.