ന്യൂഡൽഹി: റിപ്പബ്ലിക്ദിനത്തിൽ മലയാളികൾക്ക് ആനന്ദമായി ‘സ്വാമിയേ ശരണം അയ്യപ്പാ’ മന്ത്രവും. ലോകത്തെ ഏറ്റവും വേഗംകൂടിയ ക്രൂസ് മിസൈൽ ബ്രഹ്മോസിന്റെ പ്രദർശനവേളയിലാണ് പശ്ചാത്തലത്തിൽ ശരണമന്ത്രം ഉയർന്നത്. ബ്രഹ്മോസ് മിസൈൽ െറജിമെന്റിന്റെ യുദ്ധകാഹളമായി അടുത്തിടെയാണ് ‘സ്വാമിയേ ശരണം അയ്യപ്പാ’ തിരഞ്ഞെടുത്തത്.

ദുർഗാ മാതാകീ ജയ്, ഭാരത് മാതാ കീ ജയ് തുടങ്ങിയവയാണ് സാധാരണയായി സൈന്യം ഉപയോഗിക്കാറുള്ളത്. ജനുവരി 15-ന് കരസേനാദിനാഘോഷത്തിന്റെ ഭാഗമായ പരേഡിലും ബ്രഹ്മോസിന്റെ പ്രദർശനവേളയിൽ സ്വാമി ശരണം മുഴങ്ങിയിരുന്നു.

ക്യാപ്റ്റൻ ഖമറുൾ സമനാണ് പരേഡിൽ ബ്രഹ്മോസിനെ നയിച്ചത്. കാർഗിൽ യുദ്ധത്തിലും (ഓപ്പറേഷൻ വിജയ്), സിയാച്ചിൻ സംഘർഷത്തിലും (ഓപ്പറേഷൻ മേഘദൂത്) അടക്കം ഇന്ത്യയുടെ സൈനികനീക്കങ്ങളിൽ നിർണായക പങ്കുവഹിച്ചതാണ് ബ്രഹ്മോസ് മിസൈലുകൾ. കരയിൽനിന്നും വിമാനങ്ങളിൽനിന്നും അന്തർവാഹിനികളിൽനിന്നും ഒരുപോലെ തൊടുക്കാവുന്ന ക്രൂസ് മിസൈലാണിത്. ഇന്ത്യയുടെയും റഷ്യയുടെയും പ്രതിരോധ ഗവേഷണകേന്ദ്രങ്ങൾ സംയുക്തമായാണ് വികസിപ്പിച്ചത്. ബ്രഹ്മപുത്ര നദിയുടെയും റഷ്യയിലെ മോസ്കോ നദിയുടെയും പേരുകൾ ചേർത്തതാണ് ബ്രഹ്മോസ്.