തൊട്ടടുത്തുവന്ന് പതുങ്ങിനിൽക്കുന്നതുപോലെ യുദ്ധം, അടച്ചിട്ട കടകൾ, അധികം പുറത്തിറങ്ങാതെ ജനങ്ങൾ, പഠിപ്പിച്ചുകൊണ്ടിരിക്കേ പെട്ടെന്ന് സ്കൂളുകൾ വിടാനുള്ള നിർദേശം. രാത്രിയിൽ തുടരെമുഴങ്ങുന്ന വെടിയൊച്ച, ചീറിപ്പറക്കുന്ന യുദ്ധവിമാനങ്ങൾ, സാമൂഹികമാധ്യമങ്ങളിൽ നിറയുന്ന ആസന്നയുദ്ധമുന്നറിയിപ്പുകൾ...

നിയന്ത്രണരേഖയ്ക്ക് തൊട്ടടുത്തുള്ള ഗ്രാമങ്ങളിലെ അവസ്ഥ ഇപ്പോൾ ഇതാണെന്ന് മലയാളി വൈദികരായ ഫാദർ മാർട്ടിനും ഫാദർ ലിജോയും പറയുന്നു. അതിർത്തിരേഖയ്ക്ക് ഏറ്റവും അടുത്തുള്ള ക്രൈസ്റ്റ് സ്കൂളുകളുടെ പ്രിൻസിപ്പൽമാരാണ് ഇരുവരും. പൂഞ്ഛിൽനിന്നും ഫോൺവഴിയാണ് ഇരുവരും ‘മാതൃഭൂമി’യോട് സംസാരിച്ചത്

അതിർത്തിരേഖയ്ക്കടുത്തുള്ള പൂഞ്ഛ്, ലാംബേരി, നൗഷേര, രജൗരി എന്നീ സ്ഥലങ്ങളിലായി കോഴിക്കോട്ടെ അമലാപുരിയുടെ കീഴിലുള്ള സി.എം.ഐ. പുരോഹിതന്മാർ നടത്തുന്ന നാല്‌ സ്കൂളുകളാണ് പ്രവർത്തിക്കുന്നത്. ഇവിടെ ആറായിരത്തിലധികം കുട്ടികൾ പഠിക്കുന്നു. നൂറുകണക്കിന് ജോലിക്കാരുമുണ്ട്.

നിയന്ത്രണരേഖയിൽനിന്നും രണ്ടരക്കിലോമീറ്ററേ സ്കൂളിലേക്കുള്ളൂ. പാക്‌ അധീന കശ്മീരിന്റെ ഏറ്റവും അടുത്ത്. ചൊവ്വാഴ്ചമുതൽ സ്കൂളിന് അവധി പ്രഖ്യാപിക്കാൻ ഉത്തരവുണ്ടായിരുന്നു. രാത്രിമുഴുവനും വെടിവെപ്പായിരുന്നു. അതിർത്തിയിലെ വെടിവെപ്പ് നാട്ടുകാർക്ക് ജീവിതത്തിന്റെ ഭാഗമായതിനാൽ നിത്യജീവിതം സാധാരണനിലയിൽ തുടർന്നു.

എന്നാൽ, ആകാശത്തിലൂടെ പറക്കുന്ന യുദ്ധവിമാനങ്ങൾ അവർക്കും പുതുമയായിരുന്നു. ബുധനാഴ്ച രാവിലെ പാകിസ്താന്റെ എഫ്-16 വിമാനം ഇന്ത്യ വെടിവെച്ചിട്ടെന്ന വിവരം വന്നതോടെ പൂഞ്ഛിലെ കടകൾ മുഴുവനും അടച്ചു. എല്ലാവരും വീടുകളിലേക്ക് പിൻവാങ്ങി. പള്ളികളിലൂടെയും ഗുരുദ്വാരകളിലൂടെയും ക്ഷേത്രങ്ങളിലൂടെയും അറിയിപ്പുകൾ മുഴങ്ങി. എല്ലാവരും ഇപ്പോൾ ഇവിടങ്ങളിൽ ഒരു യുദ്ധത്തെ പ്രതീക്ഷിക്കുന്നു, ഏറെ ഭയത്തോടെ.

പുൽവാമ ആക്രമണത്തിനുശേഷം ജമ്മുകശ്മീരിൽ സാമൂഹികമാധ്യമങ്ങൾക്ക് വിലക്കായിരുന്നു. കഴിഞ്ഞദിവസം അത് നീക്കി. ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽനിറയെ പാകിസ്താനുള്ള ഇന്ത്യയുടെ തിരിച്ചടിയാണ് വിഷയം. സൈന്യത്തിന് അഭിവാദ്യമർപ്പിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ് മിക്കതും.

ജാഗ്രതയോടെ ജീവിതം

യുദ്ധം ഉണ്ടായാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള നിർദേശങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആധികാരികമല്ലെങ്കിലും ജനങ്ങൾ അതിനെ ജാഗ്രതയോടെ കാണുന്നു. വാഹനങ്ങളിൽ പെട്രോൾ നിറയ്ക്കുക, മരുന്ന്, കുട്ടികൾക്കുള്ള ഭക്ഷണം തുടങ്ങി അത്യാവശ്യ സാധനങ്ങൾ കരുതുക, പണം കരുതുക എന്നിവയാണ് പ്രധാന നിർദേശങ്ങൾ.

വീടുകളോടുചേർന്ന് പത്തടി ആഴത്തിൽ ഒരു ബങ്കർ നിർമിക്കാനും അതിൽ പത്തു ദിവസങ്ങളിലേക്കുള്ള ഭക്ഷണസാധനങ്ങളും കുടിവെള്ളവും കരുതാനും നിർദേശിക്കുന്നു. കാര്യങ്ങളറിയാൻ റേഡിയോ കരുതണമെന്നും സമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങളിലുണ്ട്.

വാർത്തകളിൽ ബുധനാഴ്ച നിറഞ്ഞ പലകാര്യങ്ങളും നടന്നത് അഞ്ച് കിലോമീറ്റർ ചുറ്റളവിലാണെങ്കിലും നേരിൽക്കാണാത്തതുകൊണ്ടും യാത്രകൾ സാധിക്കാത്തതുകൊണ്ടും ഇവിടെയുള്ള പലർക്കും പൂർണമായി ഒന്നുമറിയില്ല. ലംബേരിയിലെ സ്കൂൾ ബുധനാഴ്ചയും പ്രവർത്തിച്ചിരുന്നു എന്ന് ഫാ. മാർട്ടിൻ പറഞ്ഞു. കുട്ടികളുടെ മാതാപിതാക്കൾ സാധാരണത്തേതിലും ഭയപ്പാടിലാണ് ഇപ്പോെഴന്നും ഫാദർ മാർട്ടിൻ പറയുന്നു.

Content Highlights: Border villages in War Scare