ഭോപാല്‍: മധ്യപ്രദേശില്‍ കര്‍ഷകപ്രക്ഷോഭം തുടരുന്നു. കടക്കെണിയില്‍പ്പെട്ട് ചൊവ്വാഴ്ച വൈകീട്ടും ബുധനാഴ്ച രാവിലെയുമായി രണ്ടു കര്‍ഷകര്‍ കൂടി ആത്മഹത്യ ചെയ്തു. ജൂണ്‍ എട്ടിനുശേഷം മധ്യപ്രദേശില്‍ ആത്മഹത്യചെയ്ത കര്‍ഷകരുടെ എണ്ണം ഏഴായി. ബാലാഘാട്ട്, ബഡ്!വാനി ജില്ലകളിലാണ് രണ്ടുകര്‍ഷകര്‍കൂടി ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഇരുവരും കീടനാശിനി കുടിച്ചാണ് മരിച്ചത്.

ബാലാഘാട്ടിലെ ബല്ലാര്‍പുര്‍ ഗ്രാമത്തില്‍ രമേശ് ബസേനെ (42) ആണ് തിങ്കളാഴ്ച ആത്മഹത്യ ചെയ്തത്. ഒന്നരലക്ഷം രൂപയുടെ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതിരുന്നതിനാല്‍ ഇയാള്‍ അസ്വസ്ഥനായിരുന്നതായി ഭാര്യ ജാനകിബായ് പറഞ്ഞു.

ബഡ്!വാനിയിലെ പിസ്‌നവാളില്‍ ഷോംല (60) ആണ് ആത്മഹത്യ ചെയ്ത മറ്റൊരു കര്‍ഷകന്‍. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. ഇയാള്‍ ഒരു പണമിടപാടുകാരനില്‍നിന്ന് രണ്ടുലക്ഷം രൂപയും ഒരു ബാങ്കില്‍നിന്ന് ഒരുലക്ഷം രൂപയും വായ്പയെടുത്തിരുന്നു.

പോലീസ് വെടിവെപ്പിലും മര്‍ദനത്തിലും ആറു കര്‍ഷകര്‍ കൊല്ലപ്പെട്ട മന്‍സോര്‍, മുഖ്യമന്ത്രി ശിവ്!രാജ് സിങ് ചൗഹാന്‍ സന്ദര്‍ശിച്ചു. ആറു കര്‍ഷകരുടെയും കുടുംബങ്ങളെ കണ്ട അദ്ദേഹം, അവര്‍ക്ക് ഒരുകോടി രൂപവീതം നല്‍കുന്നതായി പറഞ്ഞു. ഇതു സംബന്ധിച്ച രേഖകള്‍ കുടുംബാംഗങ്ങള്‍ക്ക് കൈമാറി.

ഭാര്യ സാധ്‌നയോടൊപ്പം പ്രത്യേക വിമാനത്തിലാണ് മുഖ്യമന്ത്രി മന്‍സോറിലെത്തിയത്. ബദ്വാന്‍ ഗ്രാമത്തിലെത്തി പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട ഘനശ്യാം ധകാദിന്റെ കുടുംബാംഗങ്ങളെ കണ്ടു. കര്‍ഷകരുടെ മരണത്തിനിടയാക്കിയവരുടെ പേരില്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

നയാഖേദയില്‍ ചയിന്റാം പട്ടിദാറിന്റെ കുടുംബത്തെക്കാണവേ, അദ്ദേഹത്തിന്റെ പിതാവിന്റെ ആഗ്രഹപ്രകാരം കുച്ച്!ലോധില്‍നിന്ന് നയാഖേദയിലേക്കുള്ള റോഡ് ടാറിടുമെന്ന് ചൗഹാന്‍ പ്രഖ്യാപിച്ചു. കൊല്ലപ്പെട്ട മറ്റു കര്‍ഷകരുടെ കുടുംബങ്ങളെയും അദ്ദേഹം സന്ദര്‍ശിച്ചു.

ചൊവ്വാഴ്ചയാണ് ഒരുകോടി രൂപവീതം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. തുക കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കെത്തും.

ഭോപാലിലെ ദസറ മൈതാനത്ത് കര്‍ഷകരുടെ കൊലയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവും എം.പി.യുമായ ജ്യോതിരാദിത്യ സിന്ധ്യ 72 മണിക്കൂര്‍ സത്യാഗ്രഹം ആരംഭിച്ചു. ചൊവ്വാഴ്ച കര്‍ഷകകുടുംബങ്ങളെ കാണാന്‍ മന്‍സോറിലെത്തിയ അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.

വരള്‍ച്ചബാധിത ജില്ലയില്‍ വിളകള്‍ക്ക് കൂടുതല്‍ വില നല്‍കണമെന്നാവശ്യപ്പെട്ട് മന്‍സോറില്‍ കര്‍ഷകര്‍ നടത്തിയ പ്രക്ഷോഭത്തിനുനേരേ ജൂണ്‍ ആറിന് പോലീസ് നടത്തിയ വെടിവെപ്പിലാണ് അഞ്ച് കര്‍ഷകര്‍ കൊല്ലപ്പെട്ടത്. ഒരാള്‍ പോലീസ് മര്‍ദനത്തിലും മരിച്ചു.