ആർ.സി.ഇ.പി. കരാറിനെതിരേ സ്വദേശി ജാഗരൺ മഞ്ച് പ്രതിഷേധമുയർത്തിയതിനുപിന്നാലെ, മോദിസർക്കാരിന്റെ സ്വകാര്യവത്കരണ നയങ്ങൾക്കെതിരേ സംഘപരിവാർ തൊഴിലാളിസംഘടനയായ ബി.എം.എസ്. രംഗത്ത്. ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാസ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരേയാണു പ്രതിഷേധം. വിൽക്കാനൊരുങ്ങുന്ന പൊതുമേഖലാസ്ഥാപനങ്ങളിലെ തൊഴിലാളി യൂണിയനുകളുടെ യോഗം അടുത്തമാസം 15-ന്‌ ബി.എം.എസ്. വിളിച്ചുചേർത്തിട്ടുണ്ട്.

സർക്കാരിന്റെ സാമ്പത്തികനയങ്ങൾക്കെതിരേ പ്രതിപക്ഷ യൂണിയനുകൾക്കൊപ്പം സംഘപരിവാർ സംഘടനകളും രംഗത്തിറങ്ങിയത് ബി.ജെ.പി.ക്കു തലവേദനയായിട്ടുണ്ട്. ആർ.സി.ഇ.പി. കരാറിനെതിരേ ആർ.എസ്.എസ്. നേതാവ് മോഹൻ ഭാഗവതും സംഘപരിവാർ സംഘടനയായ സ്വദേശി ജാഗരൺ മഞ്ചും കഴിഞ്ഞദിവസം വിമർശനമുയർത്തിയിരുന്നു.

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് കൈക്കൊണ്ട തെറ്റായ നയങ്ങളും തീരുമാനങ്ങളും പിന്തുടരുന്നതു ശരിയല്ലെന്ന് ബി.എം.എസ്. ജനറൽ സെക്രട്ടറി വൃജേഷ് ഉപാധ്യായ പറഞ്ഞു. ഈ നീക്കത്തിനെതിരേ സ്വകാര്യവത്കരിക്കാനുദ്ദേശിക്കുന്ന പൊതുമേഖലാസ്ഥാപനങ്ങളിലെ തൊഴിലാളികളെ സംഘടിപ്പിക്കുമെന്നും ഉപാധ്യായ വ്യക്തമാക്കി.

മാർക്കറ്റ് അസോസിയേഷനുകളുടെയും വ്യവസായ യൂണിയനുകളുടെയും കൂട്ടായ്മ സംഘടിപ്പിക്കാനും ബി.എം.എസ്. ആലോചിക്കുന്നുണ്ട്. “പൊതുമേഖലാ സ്ഥാപനങ്ങളാണ് സാമ്പത്തികവ്യവസ്ഥയുടെ നട്ടെല്ല്. പൊതുമേഖലാസ്ഥാപനങ്ങൾ മാന്യമായ തൊഴിലിന്റെയും മാന്യമായ വേതനത്തിന്റെയും മാതൃകകളാണ്” -അദ്ദേഹം അഭിപ്രായപ്പെട്ടു.

ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കാതെ ധനാഗമത്തിനു മറ്റു മാർഗങ്ങൾ കണ്ടെത്തണമെന്ന ആവശ്യവും ബി.എം.എസ്. ഉയർത്തുന്നുണ്ട്. പവർ ഗ്രിഡ് കോർപ്പറേഷന്റെ രണ്ടു പ്രസരണലൈനുകൾ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരേ കഴിഞ്ഞദിവസം ബി.എം.എസ്. രംഗത്തുവന്നിരുന്നു. കോർപ്പറേഷന്റെ ഇരുപതിനായിരം കോടി മൂല്യമുള്ള ഓഹരികൾ വാങ്ങാൻ തൊഴിലാളികൾ തയ്യാറാണെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര ഊർജമന്ത്രി ആർ.കെ. സിങ്ങിനു കത്തെഴുതിയതായി ബി.എം.എസ്. നേതാവ് ഗിരീഷ് ചന്ദ്ര ആര്യ പറഞ്ഞു.

അതേസമയം, ചർച്ചയ്ക്കു തയ്യാറാണെന്നറിയിച്ച് ബി.ജെ.പി. നേതാക്കളും മുതിർന്ന കേന്ദ്രമന്ത്രിമാരും ബി.എം.എസ്. നേതാക്കളെ ബന്ധപ്പെടുന്നുണ്ട്. മന്ത്രിമാരായ അമിത് ഷാ, പീയൂഷ് ഗോയൽ എന്നിവർ കഴിഞ്ഞദിവസം ബി.എം.എസ്. നേതാക്കളുമായി നടത്തിയ ചർച്ച ഇതിന്റെ ഭാഗമാണെന്നാണു സൂചന.