ന്യൂഡല്‍ഹി: രാജ്യത്തെ കുട്ടികളുടെ ആത്മഹത്യകളും ബ്ലൂവെയ്ല്‍ ഗെയിമും തമ്മില്‍ ബന്ധിപ്പിക്കുന്ന തെളിവുകള്‍ കണ്ടെത്താനായില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റില്‍ സമര്‍പ്പിച്ച അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട്, കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ് രാജ് ഗംഗാറാം അഹിറാണ് വിശദീകരിച്ചത്.

ബ്ലൂവെയ്ല്‍ ചാലഞ്ച് വീഡിയോ ഗെയിം കളിച്ച കുട്ടികള്‍ ആത്മഹത്യ ചെയ്തതെന്ന ആരോപണങ്ങളില്‍, കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം - ഇന്ത്യ ( സി.ഇ.ആര്‍.ടി.-ഇന്‍)യുടെ ഡയറക്ടര്‍ ജനറല്‍ അധ്യക്ഷനായി രൂപവത്കരിച്ച സമിതിയാണ് അന്വേഷണം നടത്തിയത്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി നടത്തിയ അന്വേഷണത്തില്‍ ഇന്റര്‍നെറ്റിലെയും ഉപകരണങ്ങളിലെയും പ്രവൃത്തികള്‍ നിരീക്ഷിച്ചു. ഫോണ്‍കോളുകളും ഫൊറന്‍സിക് രേഖകളും പരിശോധിക്കുകയും ആത്മഹത്യാശ്രമങ്ങളില്‍നിന്ന് രക്ഷപ്പെട്ട കുട്ടികളുമായി സംസാരിക്കുകയും ചെയ്തശേഷമാണ് ഏഴംഗ അന്വേഷണ സംഘം റിപ്പോര്‍ട്ട് തയ്യാറാക്കിയത്.