ചെന്നൈ: ബ്ലൂവെയില്‍ ഗെയിമിന് അടിമയായി ചെന്നൈയില്‍ ജീവനൊടുക്കാന്‍ എത്തിയ ബംഗാള്‍ സ്വദേശിയായ പതിനേഴുകാരനെ റെയില്‍ സുരക്ഷാസേന (ആര്‍.പി.എഫ്.) രക്ഷിച്ചു. ബംഗാള്‍ സിലിഗുരി സ്വദേശിയായ വിദ്യാര്‍ഥിയെയാണ് ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. ബ്ലൂവെയില്‍ ഗെയിമില്‍നിന്ന് ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജീവനൊടുക്കാന്‍ പോകുകയായിരുന്നെന്ന് പിടിയിലായതിനുശേഷം വിദ്യാര്‍ഥി മൊഴിനല്‍കി. കൈവശമുണ്ടായിരുന്ന നോട്ടുബുക്കില്‍ ആത്മഹത്യ ചെയ്യുന്നതിനുള്ള വിവിധ മാര്‍ഗങ്ങള്‍ എഴുതുകയും വരയ്ക്കുകയും ചെയ്തിട്ടുണ്ട്.

സിലിഗുരിയില്‍നിന്ന് കൊല്‍ക്കത്തയില്‍ എത്തിയ കുട്ടി പിന്നീട് അവിടെനിന്ന് ചെന്നൈയിലേക്ക് തീവണ്ടി കയറുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചെന്നൈയിലേക്ക് തീവണ്ടിയില്‍ പുറപ്പെട്ടതായി വിവരം ലഭിച്ചിരുന്നു. ചിത്രവും വിവരങ്ങളും പിന്നീട് ആര്‍.പി.എഫിന് കൈമാറുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ മോഹന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപവത്കരിച്ച് അന്വേഷണം നടത്തി. ശനിയാഴ്ച വൈകീട്ട് ചെന്നൈ സെന്‍ട്രലില്‍ എത്തിയ ഹൗറ-കോറമണ്ടല്‍ എക്‌സ്​പ്രസില്‍ വന്നിറങ്ങിയ കുട്ടിയെ തിരിച്ചറിഞ്ഞ ആര്‍.പി.എഫ്. കസ്റ്റഡിയിലെടുത്തു. ബി.എ. ഒന്നാംവര്‍ഷ വിദ്യാര്‍ഥിയായിരുന്ന ഇയാള്‍ കുറേനാളുകളായി ബ്ല്യൂവെയില്‍ ഗെയിമിന് അടിമയായിരുന്നു.

ചെന്നൈയില്‍ പോകണമെന്നും അവിടെ എത്തിയാല്‍ മരിക്കുന്നതിനുള്ള മാര്‍ഗം സംബന്ധിച്ച് നിര്‍ദേശം നല്‍കുമെന്നുമായിരുന്നു ലഭിച്ചിരുന്ന സന്ദേശം. തൂങ്ങി മരിക്കുക, തീവണ്ടിക്കുമുന്നില്‍ ചാടുക, സ്വയം കുത്തിമരിക്കുക തുടങ്ങിയ മാര്‍ഗങ്ങള്‍ വിശദീകരിക്കുന്ന കുറിപ്പുകളാണ് നോട്ടുബുക്കിലുണ്ടായിരുന്നത്. ആദ്യം പരസ്​പരവിരുദ്ധമായി പ്രതികരിച്ചിരുന്ന വിദ്യാര്‍ഥി പിന്നീട് സാധാരണനിലയിലായി. വിവരമറിഞ്ഞ രക്ഷിതാക്കള്‍ ഞായറാഴ്ച രാത്രി ചെന്നൈയില്‍ എത്തി.