ന്യൂഡല്‍ഹി: ബ്ലൂ വെയ്ല്‍ ചലഞ്ച് ഗെയിം നിരോധിക്കണമെന്ന ഹര്‍ജിയില്‍ മൂന്നാഴ്ചയ്ക്കകം മറുപടിനല്‍കാന്‍ കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. കേസില്‍ കോടതിയെ സഹായിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിനോട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അഭ്യര്‍ഥിച്ചു.

അഡ്വ. എന്‍.എസ്. പൊന്നയ്യ നല്‍കിയ ഹര്‍ജി പരിഗണിക്കാമെന്ന് സെപ്റ്റംബര്‍ 11-ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ബ്ലൂ വെയ്ല്‍ ഗെയിം കളിച്ച് സെപ്റ്റംബര്‍ അഞ്ചുവരെ ഇന്ത്യയില്‍ 200 പേരെങ്കിലും ആത്മഹത്യചെയ്തതായി ഹര്‍ജിയില്‍ പറയുന്നു. ഇതില്‍ കൂടുതലും 13 മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികളാണ്.

ബ്ലൂ വെയ്ല്‍ ചലഞ്ച് ഗെയിമിന്റെ ലിങ്കുകള്‍ വരുന്നത് തടയാന്‍ നിര്‍ദേശം നല്‍കണമെന്ന ഹര്‍ജിയില്‍ ഫെയ്‌സ്ബുക്ക്, ഗൂഗിള്‍, യാഹൂ എന്നീ കമ്പനികള്‍ക്ക് ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞമാസം 22-ന് നോട്ടീസയച്ചിരുന്നു.