ചെന്നൈ/മധുര: മലപ്പുറം, കൊല്ലം കളക്ടറേറ്റുകളിലുണ്ടായ സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരാളെകൂടി മധുരയില്‍നിന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) അറസ്റ്റ്‌ചെയ്തു. മധുരയിലെ കൈപത്തൂര്‍ സ്വദേശി ഷംസുദ്ദീന്‍ (25) ആണ് തിങ്കളാഴ്ച രാത്രി പിടിയിലായത്.
കഴിഞ്ഞദിവസം ചെന്നൈയില്‍നിന്നും മധുരയില്‍നിന്നുമായി നാലുപേരെ ഇതേ കേസില്‍ എന്‍.ഐ.എ. അറസ്റ്റുചെയ്തിരുന്നു. ചൊവ്വാഴ്ച ചെന്നൈയിലും മധുരയിലെ മേലൂരിലുമുള്ള കോടതികളില്‍ ഹാജരാക്കിയ ഇവരെ ഡിസംബര്‍ ഒന്നുവരെ എന്‍.ഐ.എ. കസ്റ്റഡിയില്‍ വിട്ടു. ഡിസംബര്‍ ഒന്നിന് ഇവരെ ബെംഗളൂരുവിലെ കോടതിയില്‍ ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
ചെന്നൈയിലെ തിരുവാണ്‍മിയൂരില്‍നിന്ന് പിടികൂടിയ ദാവൂദ് സുലൈമാനെ ചെന്നൈയില്‍ സെയ്ദാപെട്ടിലുള്ള മജിസ്‌ട്രേറ്റ് കോടതിയിലും മധുരയില്‍നിന്ന് പിടിയിലായ മുഹമ്മദ് കരിം, ആസിഫ് സുല്‍ത്താന്‍ മുഹമ്മദ്, അബ്ബസ് അലി, ഷംസുദ്ദീന്‍ എന്നിവരെ മേലൂര്‍ കോടതിയിലുമാണ് ഹാജരാക്കിയത്. വ്യാഴാഴ്ച ഇവരെ ബെംഗളൂരു കോടതിയില്‍ ഹാജരാക്കുന്നതുവരെയുള്ള ട്രാന്‍സിറ്റ് വാറന്റാണ് കോടതികള്‍ നല്‍കിയിരിക്കുന്നത്.
അറസ്റ്റിലായ അഞ്ചുപേരുടെയും വേരുകള്‍ മധുരയിലാണ്. നിരോധിത സംഘടനയായ അല്‍ ഖായിദയുമായി ബന്ധമുള്ള ബേസ് മൂവ്‌മെന്റ് പ്രവര്‍ത്തകരാണ് ഇവര്‍ എന്നാണറിയുന്നത്. അല്‍ ഖായിദ എന്ന അറബിക് പദത്തിന്റെ അര്‍ഥം വരുന്ന ബേസ് (അടിസ്ഥാനം) എന്ന വാക്ക് ഇവര്‍ തങ്ങളുടെ പുതിയ സംഘടനയ്ക്ക് നല്‍കുകയായിരുന്നു.
സംഘത്തില്‍ അധികം ആളുകളില്ലെന്നും രഹസ്യം ചോരാതിരിക്കാനാണ് ഇവര്‍ ചെറിയകൂട്ടമായി നിലകൊള്ളുന്നതെന്നും പോലീസ് പറഞ്ഞു. കേരളത്തിലും തെലങ്കാനയിലും ഇവര്‍ കൂടുതല്‍ സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്തിരുന്നതായും സൂചനയുണ്ട്. തങ്ങളിലേക്ക് ശ്രദ്ധവരാതിരിക്കാനാണ് തമിഴ്‌നാട്ടില്‍ ഒരിടത്തും സ്‌ഫോടനം നടത്താതിരുന്നതെന്നും പോലീസ് പറഞ്ഞു.
(ഇതുസംബന്ധിച്ച് ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ചിത്രം മധുരയില്‍ പിടിയിലായവരുടേതല്ല, നേരത്തെ ജംഷേദ്പുരില്‍ പിടിയിലായ തീവ്രവാദികളുടേതാണ്.)