ന്യൂഡൽഹി:അഗസ്ത വെസ്റ്റ്‌ലൻഡ് ഹെലികോപ്റ്റർ ഇടപാട് കേസിലെ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിനെ ഇന്ത്യയ്ക്ക് വിട്ടുകിട്ടിയത് രാഷ്ട്രീയായുധവും പ്രചാരണ വിഷയവുമാക്കാൻ ബി.ജെ.പി. നീക്കം. റഫാൽ ഇടപാട് ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിരന്തരം പ്രതിക്കൂട്ടിലാക്കുന്ന കോൺഗ്രസിനെ ഹെലികോപ്റ്റർ ഇടപാടിലെ കോഴയുടെ പേരിൽ സമ്മർദത്തിലാക്കാനാണ് ശ്രമം.

രാജസ്ഥാൻ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ്. ബി.ജെ.പി.ക്ക് കടുത്ത വെല്ലുവിളി നിലനിൽക്കുന്ന ഈ രണ്ടു സംസ്ഥാനങ്ങളിലും അവസാനഘട്ട പ്രചാരണങ്ങളിൽ യു.പി.എ. സർക്കാരിന്റെകാലത്ത് നടന്ന അഗസ്ത വെസ്റ്റ്‌ലൻഡ് ഇടപാടും ഇടനിലക്കാരനെ ഇന്ത്യയിലെത്തിച്ച സംഭവവും ബി.ജെ.പി. സജീവ ചർച്ചയാക്കിയിട്ടുണ്ട്. മിഷേൽ വാ തുറന്നാൽ എന്തൊക്കെയാണ് പുറത്തുവരുകയെന്നറിയില്ലെന്നും ഗാന്ധികുടുംബം മുഴുവൻ വിറയ്ക്കുകയാണെന്നുമുള്ള പ്രസ്താവനയോടെ പ്രധാനമന്ത്രി നരേന്ദ്രമോദിതന്നെ ആക്രമണം തുടങ്ങിക്കഴിഞ്ഞു.

തിരഞ്ഞെടുപ്പിനുശേഷവും കോൺഗ്രസിനെ നേരിടാനുള്ള ബി.ജെ.പി.യുടെ വടിയായിരിക്കും മിഷേലിന്റെ വിചാരണയും വെളിപ്പെടുത്തലുകളുമെന്നാണ് സൂചന. മിഷേലിന്റെ കൈമാറ്റം നരേന്ദ്രമോദി സർക്കാരിന്റെ പ്രധാന നേട്ടമാണ്. അഴിമതിക്കെതിരേയുള്ള മോദി സർക്കാരിന്റെ കടുത്ത നിലപാടാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നായിരിക്കും ബി.ജെ.പി. നേതാക്കൾ വേദികളിൽ പറയുക. പാർലമെന്റ് സമ്മേളനം അടുത്തയാഴ്ച തുടങ്ങാനിരിക്കുകയാണ്. അവിടെയും സർക്കാരിനെ പ്രതിരോധിക്കാൻ മിഷേലിനെ ഉപയോഗിക്കും.

ഇടപാടുകളിൽനിന്ന് യഥാർഥത്തിൽ കോഴ പറ്റിയവരെ തുറന്നുകാട്ടുമെന്ന ബി.ജെ.പി. വക്താവ് ജി.വി.എൽ. നരസിംഹ റാവുവിന്റെ പ്രസ്താവന ഈ സാധ്യതയാണ് വ്യക്തമാക്കുന്നത്. എന്നാൽ, മിഷേലിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി തിരഞ്ഞെടുത്ത സമയം ദുരൂഹമാണെന്ന് കോൺഗ്രസ് വക്താവ് മനീഷ് തിവാരി അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലുടനീളം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അഴിമതി വിഷയങ്ങൾ ഉന്നയിച്ച് മോദിക്കെതിരേ കടുത്ത ആക്രമണമാണ് നടത്തിയത്. റഫാൽ ഇടപാട്, വിജയ് മല്യയുടെയും നീരവ് മോദിയുടെയും ലളിത് മോദിയുടെയും നാടുവിടൽ തുടങ്ങിയ വിഷയങ്ങളാണ് ചർച്ചയാക്കിയത്. കാവൽക്കാരൻ കള്ളനാണെന്നായിരുന്നു രാഹുലിന്റെ പരാമർശം. എന്നാൽ, ക്രിസ്റ്റ്യൻ മിഷേലിനെ ഇന്ത്യയിലെത്തിക്കാൻ കഴിഞ്ഞതോടെ അവസാന മണിക്കൂറുകളിൽ തിരിച്ചടിക്കാനാണ് ബി.ജെ.പി.യുടെ ശ്രമം.

ഇതേസമയം, മിഷേലിനായി യൂത്ത് കോൺഗ്രസിന്റെ ലീഗൽ സെൽ നേതാവ് ആൽജോ കെ. ജോസഫ് കോടതിയിൽ ഹാജരാകുന്നതിനെതിരേയും ബി.ജെ.പി. പ്രചാരണമാരംഭിച്ചിട്ടുണ്ട്. ഇതോടെ യൂത്ത് കോൺഗ്രസിൽനിന്ന് ഇയാളെ പുറത്താക്കിയതായി ദേശീയനേതൃത്വം അറിയിച്ചു.

'മിഷേല്‍ വാ തുറന്നാല്‍ എന്തൊക്കെ രഹസ്യങ്ങളാകും പുറത്തുവരിക?' 

സുമര്‍പുര്‍ (രാജസ്ഥാന്‍): അഗസ്തവെസ്റ്റ്ലന്‍ഡ്, നാഷണല്‍ ഹെറാള്‍ഡ് കേസുകളില്‍ കോണ്‍ഗ്രസിനും ഗാന്ധികുടുംബത്തിനുമെതിരേ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അഗസ്തവെസ്റ്റ്ലന്‍ഡ് കേസില്‍ അറസ്റ്റിലായ ക്രിസ്റ്റ്യന്‍ മിഷേല്‍ വാ തുറന്നാല്‍ എന്തൊക്കെ രഹസ്യങ്ങളാകും പുറത്തുവരികയെന്ന് ആര്‍ക്കറിയാമെന്നു മോദി ചോദിച്ചു. രാജസ്ഥാനിലെ പരസ്യപ്രചാരണത്തിന്റെ അവസാനദിവസം സുമര്‍പുരില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

''വി.വി.ഐ.പി. ഹെലികോപ്ടര്‍ അഴിമതി നടന്നതു യു.പി.എ. കാലത്താണ്. ഞങ്ങള്‍ ഭരണത്തിലെത്തിയശേഷം ആ അഴിമതി അന്വേഷിച്ചു. ഒരു പ്രതിയെ പിടികൂടി. അയാളെ ദുബായില്‍നിന്നു സര്‍ക്കാര്‍ തിരികെകൊണ്ടുവന്നതു നിങ്ങള്‍ പത്രത്തില്‍ വായിച്ചിരിക്കും. രാഷ്ട്രീയക്കാര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച അയാള്‍ വാതുറന്നാല്‍ എന്തൊക്കെ രഹസ്യങ്ങളാകും പുറത്തുവരികയെന്ന് ആര്‍ക്കറിയാം? ഗാന്ധികുടുംബം മുഴുവന്‍ വിറയ്ക്കുകയാണ്. എല്ലാ രഹസ്യങ്ങളും ഒളിപ്പിച്ചിരുന്ന ഒരാള്‍ സംസാരിച്ചാല്‍ ആരുടെയൊക്കെ പേരുകളാണു പുറത്തുവരിക?''- മോദി ചോദിച്ചു.

''നാലു തലമുറകളായി ഗാന്ധികുടുംബം അധികാരം ആസ്വദിച്ചു. ഇനിയെങ്ങനെയാണ് നിങ്ങള്‍ രക്ഷപ്പെടുക? നാലു തലമുറകളായി രാജ്യംഭരിച്ചവരെ കോടതിയുടെ വാതില്‍ക്കല്‍ വരെയെത്തിച്ച ഒരു ചായക്കച്ചവടക്കാരന്റെ ധൈര്യം നോക്കൂ.''- നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും യു.പി.എ. അധ്യക്ഷ സോണിയാ ഗാന്ധിയുടെയും ആദായനികുതി മൂല്യനിര്‍ണയം വീണ്ടും തുടരാന്‍ സുപ്രീംകോടതി ചൊവ്വാഴ്ച അനുവദിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു മോദിയുടെ പ്രസംഗം. മിഷേലിനെ ഇന്ത്യയിലെത്തിച്ചതും ചൊവ്വാഴ്ചയാണ്.

മോദിസര്‍ക്കാര്‍ നുണകള്‍ നെയ്യുന്നു - കോണ്‍ഗ്രസ്

ഹൈദരാബാദ്: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ പ്രചാരണം നടത്തുന്നതിനാണ് ബി.ജെ.പി.യും പ്രധാനമന്ത്രി നരേന്ദ്രമോദിയും അഗസ്ത വെസ്റ്റ്ലന്‍ഡ് കേസിലെ മുഖ്യ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേലില്‍ തൂങ്ങിക്കിടക്കുന്നതെന്ന് കോണ്‍ഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തോല്‍വി ആസന്നമായ സാഹചര്യത്തില്‍ മോദിയും കേന്ദ്രസര്‍ക്കാരും ഹെലികോപ്റ്റര്‍ ഇടപാട് കേസില്‍ നുണകള്‍ നെയ്തുണ്ടാക്കുകയാണെന്നും അതുവഴി ജനങ്ങളെ പറ്റിക്കാനാണ് ശ്രമമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു.

തിരഞ്ഞെടുപ്പുപ്രചാരണ കൊട്ടിക്കലാശദിവസമായ ബുധനാഴ്ച തെലങ്കാനയിലെ ഹൈദരാബാദില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരോധനം നേരിട്ട അഗസ്ത വെസ്റ്റ്ലന്‍ഡിനെയും അതിന്റെ മാതൃസ്ഥാപനമായ ഫിന്‍മെക്കാനിക്കയെയും സഹായിച്ചതില്‍ തങ്ങള്‍ക്കുള്ള പങ്ക് മറയ്ക്കാനാണ് മോദിസര്‍ക്കാര്‍ ഇത്തരം ഗൂഢാലോചന നടത്തുന്നതെന്നും സുര്‍ജേവാല ആരോപിച്ചു.

യു.പി.എ. അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരേ മൊഴിനല്‍കാന്‍ മോദിസര്‍ക്കാരും അവരുടെ അന്വേഷണ ഏജന്‍സികളും നിര്‍ബന്ധിച്ചതായി മിഷേലിന്റെ അഭിഭാഷക റോസ്മേരി പാട്രിസി ദോസ് അഞ്‌ജോസ് ജൂലായില്‍ വെളിപ്പെടുത്തിയിരുന്നു. മിഷേലിന്റെ സഹോദരിയും ഇക്കാര്യം ആവര്‍ത്തിക്കുകയുണ്ടായി. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് പ്രതിപക്ഷനേതാക്കളോട് പകരംവീട്ടാന്‍ പ്രധാനമന്ത്രി വ്യാജ തെളിവുകളുണ്ടാക്കുന്നതെന്നും സുര്‍ജേവാല കുറ്റപ്പെടുത്തി.

content highlights: christian michel's extradition,congress, bjp, modi,rafale,agusta westland