ന്യൂഡൽഹി: മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും അധികാരത്തിൽ 20 വർഷം പൂർത്തിയാക്കുന്ന നരേന്ദ്രമോദിയെ ‘പാവപ്പെട്ടവരുടെ മിശിഹ’യായി അവതരിപ്പിക്കാൻ ബി.ജെ.പി.

ഇതിന്റെ ഭാഗമായി ദരിദ്രവിഭാഗത്തിനായി മോദി നടപ്പാക്കിയ ക്ഷേമപ്രവർത്തനങ്ങൾ ഉയർത്തിയുള്ള പ്രചാരണപരിപാടികൾ രണ്ടാം എൻ.ഡി.എ. സർക്കാർ മൂന്നുവർഷം തികയ്ക്കുന്ന മേയ്‌മാസം മുതൽ രാജ്യവ്യാപകമായി നടത്തും. അച്ഛേ ദിൻ ആഗയേ (നല്ല ദിനങ്ങൾ എത്തി) എന്ന മുദ്രാവാക്യമുയർത്തിയുള്ള പ്രചാരണവീഡിയോ പുറത്തിറക്കും.

കേന്ദ്രസർക്കാർ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടു എന്ന പ്രതിപക്ഷ പ്രചാരണത്തിന്റെ മുനയൊടിക്കുകകൂടിയാണ് ഉദ്ദേശ്യം. കഴിഞ്ഞ വാർഷിക പരിപാടിയിൽനിന്ന്‌ വ്യത്യസ്തമായി ഗ്രാമങ്ങളിൽ കേന്ദ്രമന്ത്രിമാർ പ്രചാരണപരിപാടികൾക്കിറങ്ങും. മുൻവർഷം ആഘോഷങ്ങളും പത്രസമ്മേളനങ്ങളും നഗരങ്ങളിൽമാത്രം ഒതുങ്ങിയിരുന്നു.

മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17 മുതൽ ഗുജറാത്ത് മുഖ്യമന്ത്രിയായി ആദ്യം ചുമതലയേറ്റതിന്റെ വാർഷിക ദിനമായ ഒക്ടോബർ ഏഴുവരെയുള്ള 20 ദിവസങ്ങളിൽ നടത്തുന്ന പരിപാടികളിലും സർക്കാരിന്റെ ക്ഷേമപരിപാടികൾ പ്രചരിപ്പിക്കും. പിറന്നാൾദിനത്തിൽ ബി.ജെ.പി. പ്രവർത്തകർ കോവിഡ് വാക്സിനേഷൻ യജ്ഞത്തിന്റെ പ്രത്യേക പ്രചാരണങ്ങളിൽ പങ്കാളികളാവും. അന്ന് ഏറ്റവും കൂടുതൽ പേർക്ക് വാക്സിൻ നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് ബി.ജെ.പി. അധ്യക്ഷൻ ജെ.പി. നഡ്ഡ പറഞ്ഞു.