ന്യൂഡല്‍ഹി: കേരളത്തിലെ ബി.ജെ.പി. ഭാരവാഹിപ്പട്ടിക ഈയാഴ്ച പ്രഖ്യാപിച്ചേക്കും. സംസ്ഥാനാധ്യക്ഷനായി ചുമതലയേറ്റ കെ. സുരേന്ദ്രന്‍ ചൊവ്വാഴ്ച ഡല്‍ഹിയില്‍ പാർട്ടിയധ്യക്ഷന്‍ ജെ.പി. നഡ്ഡ, സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ് എന്നിവരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു.

സംസ്ഥാന ഭാരവാഹിപ്പട്ടികയില്‍ സാമൂഹികസമവാക്യങ്ങള്‍ പാലിക്കണമെന്ന് കേന്ദ്രനേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുമെന്ന് സുരേന്ദ്രന്‍ നേതൃത്വത്തെ അറിയിച്ചു. വിയോജിപ്പ് ഉയര്‍ത്തിയ കൃഷ്ണദാസ് പക്ഷത്തെ പ്രമുഖരെയും ഭാരവാഹിപ്പട്ടികയില്‍ ഉള്‍പ്പെടുത്തും. നിലവിലുള്ള സംസ്ഥാനസമിതിയില്‍ കാര്യമായ അഴിച്ചുപണി ഉണ്ടാകുമെന്നാണു സൂചന. കൂടുതല്‍ പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും പ്രാതിനിധ്യം നല്‍കും.

പ്രസിഡന്റ്പദവി ഏറ്റെടുത്തതിനുശേഷം ആദ്യമായാണ് സുരേന്ദ്രന്‍ ഡല്‍ഹിയിലെത്തിയത്. പാര്‍ലമെന്റ് മന്ദിരത്തില്‍വച്ചാണ് ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയത്. കുട്ടനാട് നിയമസഭാ തിരഞ്ഞെടുപ്പ്, എന്‍.ഡി.എ.യുടെ വിപുലീകരണം തുടങ്ങിയ കാര്യങ്ങളും കേന്ദ്രനേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ വിഷയങ്ങളായി.

എല്ലാവരെയും ഉള്‍ക്കൊണ്ട് മുന്നോട്ടുപോകണമെന്ന് നേതൃത്വം സുരേന്ദ്രനോടു നിര്‍ദേശിച്ചു. സ്ഥാനങ്ങളെയും പദവികളെയും ചൊല്ലി പാര്‍ട്ടിയില്‍ കലഹങ്ങളും തര്‍ക്കങ്ങളും അനുവദിക്കില്ലെന്ന കര്‍ശന നിലപാടും ദേശീയാധ്യക്ഷന്‍ വ്യക്തമാക്കി. നഡ്ഡയുമായുള്ള കൂടിക്കാഴ്ചയില്‍ വിദേശകാര്യസഹമന്ത്രി വി. മുരളീധരനും പങ്കെടുത്തു. നഡ്ഡയെ സുരേന്ദ്രന്‍ കേരളത്തിലേക്കു ക്ഷണിച്ചു.