ന്യൂഡൽഹി: ബിഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം സത്യപ്രതിജ്ഞ ചെയ്യേണ്ട മന്ത്രിമാരുടെ പേരുകൾ തിങ്കളാഴ്ച രാവിലെ പ്രഖ്യാപിക്കും. ഞായറാഴ്ച രാത്രി വൈകിയും ബി.ജെ.പി.-ജെ.ഡി.യു. കേന്ദ്രങ്ങളിൽ ചർച്ച തുടരുകയാണ്. ബി.ജെ.പി.ക്ക് ലഭിക്കുന്ന ഉപമുഖ്യമന്ത്രി പദവിയെച്ചൊല്ലിയാണ് ആശയക്കുഴപ്പം.

കഴിഞ്ഞ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായിരുന്ന സുശീൽ കുമാർ മോദി തുടരില്ലെന്നാണ്‌ സൂചന. പകരം കത്തിഹാർ മണ്ഡലത്തെ നാലാംവട്ടവും പ്രതിനിധാനം ചെയ്യുന്ന തർ കിഷോർ പ്രസാദ് എത്തും. സുശീൽ കുമാർ മോദിയെ കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന.

ഉത്തർപ്രദേശ് മാതൃകയിൽ രണ്ട് ഉപമുഖ്യമന്ത്രിമാരെ പരിഗണിക്കാനും സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ നിയമസഭയിലെ ഉപനേതാവ് രേണു ദേവി, ദളിത് നേതാവ് കമലേശ്വർ ചൗപാൽ, മുൻമന്ത്രി പ്രേംകുമാർ എന്നിവരിൽ ഒരാൾ രണ്ടാമത്തെ ഉപമുഖ്യമന്ത്രിയാകും.

ഞായറാഴ്ച രാവിലെ ചേർന്ന ബി.ജെ.പി. പാർലമെന്ററി പാർട്ടി യോഗം തർ കിഷോർ പ്രസാദിനെ നേതാവായും രേണു ദേവിയെ ഉപനേതാവായും തിരഞ്ഞെടുത്തിരുന്നു. സുശീൽ കുമാർ മോദി ഉപമുഖ്യമന്ത്രിയായി തുടരില്ലെന്ന് ഇതേത്തുടർന്ന് അഭ്യൂഹമുയർന്നു. വൈകീട്ട് നാലോടെയെത്തിയ ട്വിറ്റർ സന്ദേശം അഭ്യൂഹങ്ങൾക്ക് ആക്കംകൂട്ടി. ‘‘ബി.ജെ.പി.യും സംഘപരിവാറും 40 വർഷത്തെ രാഷ്ട്രീയജീവിതം തന്നു. ഏൽപ്പിച്ച എല്ലാ ജോലികളും ഉത്തരവാദിത്വത്തോടെ നിർവഹിച്ചു. എന്നാൽ പാർട്ടിപ്രവർത്തകനെന്ന പദവി ആർക്കും എടുത്തുകളയാനാവില്ള’’ -എന്നായിരുന്നു സുശീൽ കുമാർ മോദിയുടെ പ്രതികരണം.

രണ്ടുഘട്ടങ്ങളിലായി ഉപമുഖ്യമന്ത്രിയായും ബിഹാർ ധനമന്ത്രിയായും പ്രവർത്തിച്ചിട്ടുള്ള നേതാവാണ് സുശീൽ കുമാർ. 2011-ൽ ജി.എസ്.ടി. നടപ്പാക്കാനായി സംഘടിപ്പിച്ച സംസ്ഥാന ധനമന്ത്രിമാരുടെ സമിതിയുടെ അധ്യക്ഷനുമായിരുന്നു. ഈ പ്രവർത്തനപരിചയം ദേശീയരാഷ്ട്രീയത്തിൽ ഉപയോഗിക്കും എന്ന പ്രഖ്യാപനത്തോടെയായിരിക്കും ബി.ജെ.പി. ബിഹാറിലെ ആശയക്കുഴപ്പത്തിനു പരിഹാരം കാണുക. നിതീഷിന്റെ വിശ്വസ്തനായി കരുതപ്പെടുന്ന സുശീലിനോട് പാർട്ടിയിൽ ഒരുവിഭാഗത്തിന് കടുത്ത എതിർപ്പുണ്ട്.

മുഖ്യമന്ത്രിപദം ജെ.ഡി.യു.വിനു വിട്ടുകൊടുത്ത ബി.ജെ.പി. പ്രധാന വകുപ്പുകൾ കൈവശംവെക്കും. കൂടുതൽ മന്ത്രിമാരും ബി.ജെ.പി.യിൽ നിന്നായിരിക്കും. സ്പീക്കർ സ്ഥാനവും വിട്ടുകൊടുക്കാനിടയില്ല. സ്ഥാനമൊഴിഞ്ഞ മന്ത്രിസഭയിൽ 30 പേരാണുണ്ടായിരുന്നത്. ഇതിൽ 18 പേർ ജെ.ഡി.യു.വും 12 പേർ ബി.ജെ.പി.യുമായിരുന്നു. 24 മന്ത്രിമാരാണ് ഇക്കുറി തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇതിൽ ജെ.ഡി.യു.വിലെ എട്ടും ബി.ജെ.പി.യിലെ രണ്ടും മന്ത്രിമാർ തോറ്റു. വിജയിച്ചെത്തിയ മന്ത്രിമാർ പുതിയ മന്ത്രിസഭയിലും തുടർന്നേക്കും. മന്ത്രിസ്ഥാനത്തിന് ആവശ്യമുന്നയിക്കില്ലെന്ന് മുൻ മുഖ്യമന്ത്രിയും എച്ച്.എ.എം. നേതാവുമായ ജിതൻ റാം മാഞ്ചി പറഞ്ഞു.

Content Highlights:BJP's Tarkishore Prasad likely to be Bihar Deputy CMs; Sushil Modi to Move central cabinet