മുംബൈ: വോട്ടിങ് യന്ത്രവും ‘പൊള്ളയായ ആത്മവിശ്വാസ’വുമുണ്ടെങ്കിൽ ലണ്ടനിലും അമേരിക്കയിലുംവരെ ‘താമര’ വിരിയുമെന്ന് ബി.ജെ.പി.ക്കുനേരെ ശിവസേനാ മുഖപത്രം ‘സാമ്‌ന’യുടെ പരിഹാസം. കൂടാതെ, പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രൂക്ഷമായി വിമർശിച്ചു. മഹാരാഷ്ട്രയിൽ പാർട്ടിയുമായി സഖ്യത്തിന് ബി.ജെ.പി. ശ്രമം തുടരുന്നതിനിടെയാണ് വിമർശനവുമായി ശിവസേനാ മുഖപത്രം രംഗത്തെത്തിയത്.
അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്ന വാഗ്‌ദാനം എന്തുകൊണ്ട് പാലിക്കാൻ കഴിഞ്ഞില്ല? അയോധ്യയിൽപോലും എന്തുകൊണ്ട് താമര വിരിഞ്ഞില്ല? ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്കു പരിഹാരം കാണുന്നതിനുപകരം ധാർഷ്ട്യമാണ് ബി.ജെ.പി. നേതാക്കളിൽ കാണുന്നതെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അവകാശപ്പെടുന്നത് മഹാരാഷ്ട്രയിൽ കഴിഞ്ഞതവണ കിട്ടിയ 42 ലോക്‌സഭാ സീറ്റുകളെക്കാൾ ഒന്നെങ്കിലും ഇത്തവണ അധികം കിട്ടുമെന്നാണ്. എൻ.സി.പി. നേതാവ് ശരദ് പവാറിന്റെ തട്ടകമായ ബാരാമതിയിൽപോലും ജയിക്കുമെന്നാണ് അവകാശവാദം. ഇത്തരത്തിലാണ് ആത്മവിശ്വാസമെങ്കിൽ പാർട്ടിക്ക് രാജ്യത്തെ 548 സീറ്റും ജയിക്കാൻ കഴിയുമെന്നും മുഖപ്രസംഗം പരിഹസിക്കുന്നു.
24,000 അധ്യാപകതസ്തികകളാണ് മഹാരാഷ്ട്രയിൽ ഒഴിഞ്ഞുകിടക്കുന്നത്. കർഷകർ എല്ലായിടത്തും പ്രതിഷേധത്തിലാണ്. എന്നാൽ ഭരിക്കുന്നവർക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പുവിജയത്തിൽമാത്രമാണ് ആശങ്കയെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.
റഫാലിനെ പിന്തുണയ്ക്കുന്നവരെല്ലാം ദേശസ്നേഹികളും ചോദ്യംചെയ്യുന്നവരെല്ലാം ദേശവിരുദ്ധരുമാകുന്ന സ്ഥിതിയാണുള്ളതെന്ന് ‘സാമ്‌ന’ കഴിഞ്ഞദിവസം കുറ്റപ്പെടുത്തിയിരുന്നു.
content highlights: BJP rigging electronic voting machines to win elections: Shivasena