ന്യൂഡൽഹി: ഇന്ത്യ-ചൈന വിഷയത്തിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ പ്രസ്താവനയ്ക്കു മറുപടിയുമായി ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ. പ്രധാനമന്ത്രിയെന്ന നിലയിൽ നൂറുകണക്കിന് ചതുരശ്ര കിലോമീറ്ററോളം ഇന്ത്യയുടെ ഭൂമി ചൈനയ്ക്ക് വിട്ടുകൊടുത്ത നേതാവാണ് മൻമോഹനെന്ന് നഡ്ഡ ആരോപിച്ചു.

“യു.പി.എ. ഭരണകാലത്ത് നാൽപ്പത്തിമൂവായിരം കിലോമീറ്റർ ഇന്ത്യൻ ഭൂപ്രദേശം നിസ്സഹായമായ നിലയിൽ ചൈനയ്ക്ക് കൈമാറുമ്പോൾ മൻമോഹൻ കോൺഗ്രസിൽ തന്നെയായിരുന്നു. 2010-നും 2013-നുമിടെ ചൈന നടത്തിയ അറുനൂറോളം കടന്നുകയറ്റങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്തു. ഒരു പോരാട്ടംപോലും നടത്താതെ തന്ത്രപ്രധാന പ്രദേശങ്ങൾ കൈമാറി കീഴടങ്ങി. മൻമോഹന്റെ പ്രസ്താവന വെറും വാക്കുകൾ കൊണ്ടുള്ള കളിയാണ്.

കോൺഗ്രസ് തന്നെയാണ് നിരന്തരം ചോദ്യംചെയ്ത് സേനയുടെ ആത്മബലം തകർക്കുന്നത്. സ്വന്തം പാർട്ടിയെ എങ്കിലും സ്വാധീനിക്കാൻ മൻമോഹനു കഴിയുമെന്ന് പ്രതീക്ഷിക്കാം. നേരത്തേ പാകിസ്താനെതിരേ മിന്നലാക്രമണം നടത്തിയപ്പോഴും വ്യോമാക്രമണം നടത്തിയപ്പോഴും സൈന്യത്തെ തുടർച്ചയായി നിന്ദിക്കുകയും അവരുടെ ധൈര്യത്തെ ചോദ്യം ചെയ്യുകയുമാണ് കോൺഗ്രസ് ചെയ്തത്. ഇത്തരം സമയങ്ങളിൽ ദേശീയ ഐക്യം എന്നതിന്റെ യഥാർഥ അർഥം മനസ്സിലാക്കാൻ കോൺഗ്രസ് ശ്രമിക്കണം’ -നഡ്ഡ പറഞ്ഞു.