ന്യൂഡൽഹി: അടിയന്തരാവസ്ഥയെക്കുറിച്ചുള്ള കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ പരാർമർശങ്ങൾക്കെതിരേ ബി.ജെ.പി. അടിയന്തരാവസ്ഥ തെറ്റായ നടപടിയായിരുന്നെന്നും പക്ഷേ, അടിയന്തരാവസ്ഥക്കാലത്ത് സ്ഥാപനങ്ങൾ പിടിച്ചടക്കാൻ കോൺഗ്രസ് ശ്രമിച്ചിരുന്നില്ലെന്നും കഴിഞ്ഞ ദിവസം രാഹുൽ അഭിപ്രായപ്പെട്ടിരുന്നു. രാഹുലിന്റെ പരാമർശങ്ങൾ പരിഹാസ്യമാണെന്നും എല്ലാ സ്വാതന്ത്ര്യവും തകർത്ത കാലഘട്ടമാണ് അടിയന്തരാവസ്ഥയെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ കുറ്റപ്പെടുത്തി.

മുൻ സാമ്പത്തിക ഉപദേഷ്ടാവും സാമ്പത്തിക വിദഗ്ധനുമായ പ്രൊഫ. കൗശിക് ബസുവുമായി കഴിഞ്ഞ ദിവസം നടത്തിയ ഓൺലൈൻ സംവാദത്തിലാണ് രാഹുൽഗാന്ധി അടിയന്തരാവസ്ഥയെക്കുറിച്ച് പരാമർശം നടത്തിയത്. “അടിയന്തരാവസ്ഥ തെറ്റായിരുന്നു. അതൊരു പിഴവായിരുന്നെന്ന് മുത്തശ്ശി (ഇന്ദിരാഗാന്ധി) തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ, അടിയന്തരാവസ്ഥക്കാലത്ത് സംഭവിച്ചതിൽനിന്ന് അടിസ്ഥാനപരമായി വ്യത്യസ്തമായ കാര്യങ്ങളാണ് മോദി ഭരണകാലത്ത് സംഭവിക്കുന്നത്. കോൺഗ്രസ് ഒരിക്കലും രാജ്യത്തെ സ്ഥാപനങ്ങളെ പിടിച്ചടക്കാൻ ശ്രമിച്ചിട്ടില്ല. ആർ.എസ്.എസ്. സ്വന്തം ആളുകളെ ഇന്ത്യയുടെ സ്ഥാപനങ്ങളിൽ നിറയ്ക്കുകയാണ്. ആധുനിക ജനാധിപത്യങ്ങൾ പ്രവർത്തിക്കുന്നത് സ്ഥാപനസന്തുലനം കൊണ്ടാണ്. സ്ഥാപനങ്ങൾ സ്വതന്ത്രമായി പ്രവർത്തിക്കുന്നതുകൊണ്ടാണ്. എന്നാൽ, ആ സ്വാതന്ത്ര്യത്തെ ഇന്ത്യയിൽ ഇന്ന് ആർ.എസ്.എസ്. എന്ന വലിയ സ്ഥാപനം തകർത്തിരിക്കുന്നു” -എന്നായിരുന്നു രാഹുലിന്റെ പരാമർശം.

പരാമർശം ചിരിപ്പിക്കുന്നതാണെന്ന് മന്ത്രി ജാവഡേക്കർ വിമർശിച്ചു. “അടിയന്തരാവസ്ഥക്കാലത്ത് രാജ്യത്തെ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം മുഴുവൻ ഹനിച്ച പാർട്ടിയാണ് കോൺഗ്രസ്. എം.പി.മാരും എം.എൽ.എ.മാരുമടക്കം ലക്ഷക്കണക്കിന് ആളുകൾ അറസ്റ്റുചെയ്യപ്പെട്ടു. പത്രങ്ങൾക്ക് പ്രവർത്തിക്കാൻ കഴിഞ്ഞില്ല. ദേശാഭിമാനത്തിന്റെ രാജ്യത്തെ ഏറ്റവും വലിയ പാഠശാലയാണ് ആർ.എസ്.എസ്. അക്കാര്യം മനസ്സിലാക്കാൻ രാഹുൽ സമയമെടുക്കും” -ജാവഡേക്കർ പറഞ്ഞു.

Content Highlight; BJP opposes Rahul's emergency remarks