ന്യൂഡൽഹി: കോവിഡ് വാക്സിൻ സ്വീകരിച്ച ആദ്യരാഷ്ട്രീയക്കാരിൽ ബി.ജെ.പി. എം.പി.യും തൃണമൂൽ കോൺഗ്രസ് എം.എൽ.എ.യും.

ഉത്തർപ്രദേശിലെ ഗൗതംബുദ്ധ നഗറിലെ ബി.ജെ.പി. എം.പി.യായ മഹേഷ് ശർമ, പശ്ചിമബംഗാളിലെ പൂർവ ബർധമാൻ ജില്ലയിലെ കട്വയിലെ തൃണമൂൽ എം.എൽ.‌എ. രബീന്ദ്രനാഥ് ചാറ്റർജി എന്നിവർക്കാണ് ആരോഗ്യപ്രവർത്തകരുടെ പട്ടികയിൽ ഉൾപ്പെടുത്തി കുത്തിവെപ്പ് നൽകിയത്. നോയിഡ സെക്ടർ 27-ലെ ആശുപത്രിയിലാണ് ഡോക്ടർകൂടിയായ ശർമ കുത്തിവെപ്പെടുത്തത്. രോഗികളുടെ ക്ഷേമസമിതിയുടെ ഭാഗമെന്നനിലയിലാണ് ചാറ്റർജി കുത്തിവെപ്പെടുത്തത്.

അതേസമയം, തെലങ്കാനയിൽ ആദ്യവാക്സിൻ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ആരോഗ്യമന്ത്രി എടാല രാജേന്ദർ അവസാനനിമിഷം പിന്മാറി. ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കുമാത്രമേ വാക്സിൻ നൽകാവൂവെന്ന പ്രധാനമന്ത്രിയുടെ കർശനനിർദേശമുള്ളതിനാലാണ് പിന്മാറിയതെന്ന് മന്ത്രി പറഞ്ഞു.