സിതാപുർ(ലഖ്നൗ): സംസ്ഥാനത്തെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ സർക്കാരിനെതിരേ വിമർശനവുമായി ഉത്തർപ്രദേശ് ബി.ജെ.പി. എം.എൽ.എ. രാകേഷ് റാത്തോഡ്. യു.പി.യിലെ സിതാപുരിൽനിന്നുള്ള എം.എൽ.എ.യാണ് രാകേഷ്.

“എം.എൽ.‌എ.മാർക്ക് സ്വന്തം നിലപാടുകൾ സ്വീകരിക്കാൻ കഴിയുന്നില്ല. കൂടുതൽ പറഞ്ഞാൽ ഞങ്ങളുടെമേലും രാജ്യദ്രോഹക്കുറ്റം ചുമത്തും.”- റാത്തോഡ് പറഞ്ഞു. സിതാപുരിലെ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിന്റെ സ്ഥിതിയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം കാഴ്ചപ്പാടുകൾ പങ്കിടാൻ എം.എൽ.‌എ.മാർക്കു പോലും പറ്റുന്നില്ലെന്നും അതു തുറന്നുപറയാൻ ആരും ധൈര്യപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിസന്ധി നിയന്ത്രിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ ശ്രമങ്ങൾ എന്തുകൊണ്ട് ഫലം കാണുന്നില്ലെന്ന ചോദ്യത്തിന് സർക്കാരും ജില്ലാഭരണകൂടവും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണെന്ന് റാത്തോഡ് പരിഹസിച്ചു.

യോഗി ആദിത്യനാഥ് സർക്കാരിനെതിരേ വിമർശനവുമായി കേന്ദ്രമന്ത്രി സന്തോഷ് ഗംഗവാറടക്കം ഭരണകക്ഷിയായ ബി.ജെ.പി.യിലെ മറ്റു ചില നേതാക്കളും അടുത്തിടെ രംഗത്തു വന്നിരുന്നു. തന്റെ ഭാര്യക്കുപോലും മതിയായ ചികിത്സ ലഭിക്കാത്ത ‍സാഹചര്യത്തിൽ സാധാരണക്കാരുടെ അവസ്ഥയെന്തായിരിക്കുമെന്ന നിയമമന്ത്രി ബ്രജേഷ് പാഠകിന്റെ പ്രസ്താവനയും സംസ്ഥാനത്തെ സ്ഥിതികൾ സൂചിപ്പിക്കുന്നതാണ്.