ഭോപാൽ: കമൽനാഥിന്റെ നേതൃത്വത്തിലുള്ള മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിന് ബി.ജെ.പി. എം.എൽ.എ. നാരായൺ ത്രിപാഠി പിന്തുണ പ്രഖ്യാപിച്ചു. ശനിയാഴ്ച മുഖ്യമന്ത്രി കമൽനാഥുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ത്രിപാഠി തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്.

സംസ്ഥാനത്ത് രാഷ്ട്രീയാനിശ്ചിതത്വം നിലനിൽക്കെയാണ് ബി.ജെ.പി. എം.എൽ.എ.യെ കോൺഗ്രസ് തങ്ങളുടെ ക്യാമ്പിലെത്തിച്ചത്. തങ്ങളുടെ നാല് എം.എൽ.എ.മാരെ ബി.ജെ.പി. തട്ടിക്കൊണ്ടുപോയതായി കോൺഗ്രസ് ആരോപിച്ചിരുന്നു.

കാണാതായ നാല് എം.എൽ.എ.മാരിൽ ബുർഹാൻപുരിൽനിന്നുള്ള സുരേന്ദ്രസിങ് ഷേര മടങ്ങിയെത്തി. തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും കമൽനാഥിനുള്ള പിന്തുണ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഹർദീപ് സിങ് ദംഗ്, ബിസാഹുലാൽ സിങ്, രഘുരാജ് കൻസാന എന്നീ എം.എൽ.എ.മാരെപ്പറ്റി വിവരമൊന്നുമില്ല. ഇതിൽ ഹർദീപ് സിങ് ദംഗ് നേരത്തേ രാജിക്കത്ത് അയച്ചിരുന്നു. മറ്റൊരു സ്വതന്ത്ര എം.എൽ.എ. റാണ വിക്രം സിങ്ങും കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി.

Content Highlights: Independent MLA Rana Vikram Singh said she would support the Congress